പിഞ്ച് കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അമ്മൂമ്മ അറസ്റ്റിൽ; റോസിലിക്ക് വിഷാദരോഗമെന്ന് സൂചന

നാടിനെ നടുക്കിയ ഈ ദാരുണസംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും, കുഞ്ഞിന്റെ അമ്മയുടെ മാതാവിനെ പ്രതിയാക്കി കേസ് എടുക്കുകയുമായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോസിലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പോലീസ് നിരീക്ഷണത്തിലാണ് റോസിലി ചികിത്സയിൽ തുടരുന്നത്.
കറുകുറ്റി കരിപ്പാലയിൽ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറ എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read : 14 കാരനെ ലഹരിക്കടിമയാക്കിയ കേസിൽ മൊഴി മാറ്റി കുട്ടി; അമ്മൂമ്മയുടെ ആൺ സുഹൃത്തിനെ വെറുതെ വിട്ടു
കുഞ്ഞിൻ്റെകൂടെയുണ്ടായിരുന്ന മുത്തശ്ശി റോസിലിയെയാണ് പോലീസിന് ആദ്യം മുതൽ സംശയമുണ്ടായിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി പോലീസ് കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ റോസിലിക്ക് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. കൂടാതെ, സോഡിയം കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും ഇവർക്കുണ്ടായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ചത് മാനസിക വിഭ്രാന്തിയാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അമ്മ അടുക്കളയിൽ പോയ സമയത്താണ് മുത്തശ്ശി കുഞ്ഞിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here