‘ഫ്രോഡി’നോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരുതല്‍; അനില്‍ അംബാനിയുടെ കമ്പനിക്ക് 20,000 കോടിയുടെ കരാര്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭൂലോക തട്ടിപ്പുകാരനെന്ന് മുദ്രകുത്തിയ അനില്‍ അംബാനിയെ വാഴ്ത്തിപ്പാടി കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (Reliance Communications – R Com) എന്ന ആര്‍കോമിനെ എസ്ബിഐ തട്ടിപ്പ് അക്കൗണ്ട് (Fraud Account) ആയി മുദ്രകുത്തി റിസര്‍വ് ബാങ്കിനെ അറിയിച്ചത് ഈയിടെയാണ്. കൂട്ടത്തില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2015 മുതല്‍ ആര്‍കോം നടത്തിയ ഇടപാടുകളാണ് തട്ടിപ്പായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് എസ്ബിഐ ആര്‍കോമിനെ തട്ടിപ്പ് അക്കൗണ്ടായി മുദ്രയടിച്ച് കത്തയച്ചത്. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയുടെ എക്സ് പാര്‍ട്ടി ഉത്തരവ് ലഭിച്ചതില്‍ ‘ഞെട്ടിപ്പോയി’ എന്നാണ് അനില്‍ അംബാനിയേയും ആര് കോമിനേയും പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനമായ
അഗര്‍വാള്‍ ലോ അസോസിയേറ്റ്സ് എസ്ബിഐക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
31580 കോടി രൂപയുടെ വായ്പയാണ് വിവിധ ബാങ്കുകളില്‍ നിന്ന് ആര്‍കോം എടുത്തിരിക്കുന്നത്. ഇത്ര വലിയ തട്ടിപ്പ് നടത്തിയിട്ടും ഇഡിയിൽ നിന്നോ, സിബിഐയില്‍ നിന്നോ ഒരുദ്യോഗസ്ഥന് പോലും ഇവരുടെ ഓഫീസുകളിലേക്ക് പോവുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. കള്ളപ്പണക്കാരേയും ബാങ്കുകളെ കബളിപ്പിക്കുന്നവരേയും കൈയ്യാമം വെക്കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാരിൻ്റെ അംബാനി കുർബത്തോടുള്ള കരുതലാണ് ശ്രദ്ധേയമാകുന്നത്.
ഇത്ര ഗുരുതര വഞ്ചനാ ഇടപാടുകള്‍ നടത്തിവരുന്ന അനില്‍ അംബാനിക്ക് രണ്ട് മാസത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ കരാറാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാർ ലഭിച്ചത്.
ഇന്ത്യയില്‍ പ്രതിരോധമേഖലയിലെ എയര്‍ക്രാഫ്റ്റുകളും ഹെലികോപ്ടറുകളും അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തുന്നതിനായി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനിയായ റിലയന്‍സ് ഡിഫന്‍സ് 20,000 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിരുന്നു. യുഎസ്. കോസ്റ്റല്‍ മെക്കാനിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാകും കരാർ നടപ്പാക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here