ദളിത് കര്‍ദ്ദിനാള്‍ ആന്റണി പൂല മാര്‍പ്പാപ്പയാകുമോ… കത്തോലിക്കാ സഭയില്‍ പുതുചരിത്രം പ്രതീക്ഷിച്ച് വിശ്വാസികള്‍

മെയ് ഏഴിന് 135 അംഗ കര്‍ദിനാള്‍ സംഘം യോഗം ചേര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു ദലിത് കര്‍ദിനാള്‍ പങ്കെടുക്കുന്നു എന്നത് ചരിത്രമാണ്. ദലിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ് ആന്ധ്രയില്‍ നിന്നുള്ള കര്‍ദിനാള്‍ ആന്റണി പൂല (Cardinal Anthony Poola). കാലംചെയ്ത പോപ്പ് ഫ്രാന്‍സിസാണ് 2022 മെയില്‍ ഇദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്.

ആന്ധ്രപ്രദേശിലെ കുര്‍ണ്ണൂലില്‍ ജനിച്ച് കഠിനമായ പട്ടിണിയും ജാതി വിവേചനവും നേരിട്ട ബാല്യകാലം പിന്നിട്ട് വൈദികനായ ആളാണ് കര്‍ദിനാള്‍ ആന്റണി പൂല. ആഗോള കത്തോലിക്ക സഭയുടെ തലവനെ തിരഞ്ഞെടുക്കുന്ന സംഘത്തില്‍ അദ്ദേഹം അംഗമായത് നിസാരമല്ല. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദീര്‍ഘ ദര്‍ശിത്വത്തിന്റെ ഭാഗമായിട്ടാണ് ആന്റണി പൂലയുടെ നിയമനം. ‘ദൈവവുമായി സ്വപ്നം കാണുക’ എന്ന ആന്റണി പൂലയുടെ സ്വപ്ന സാക്ഷാത്കാരമാണ് സംഭവിക്കുന്നത്.

ഒരുപക്ഷേ, സഭയുടെ അത്യുന്നത പദവിയിലേക്ക് ഈ സാധാരണക്കാരന്‍ നിയമിക്കപ്പെടാനിടയുണ്ടെന്ന വര്‍ത്തമാനം സജീവമാണ്. 63 കാരനായ ആന്റണി പൂലയുടെ പേര് പരിഗണിക്കപ്പെടുന്നതു പോലും വലിയ നേട്ടമായിട്ടാണ് ഇന്ത്യയിലെ ക്രൈസ്തവ സഭ നോക്കിക്കാണുന്നത്. രാജ്യത്തെ കത്തോലിക്കാ ജനസംഖ്യയില്‍ 60 ശതമാനം പേര്‍ ആദിവാസി – ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.

ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ ആന്റണി പൂല 1992 ഫെബ്രുവരി 20 നാണ് വൈദികനാവുന്നത്. കുര്‍ണൂലിലെ ചിന്ദുക്കൂറില്‍ ജനിച്ച അദ്ദേഹം കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. നെതര്‍ലണ്ട് സ്വദേശിയായ മിഷണറിയാണ് ആന്റണിയെ ദൈവത്തിന്റെ വഴിയിലേക്ക് നയിച്ചത്. 1992 ല്‍ വൈദികനായി. പിന്നെ പടിപടിയായി സഭയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2021 ല്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി.

തെലങ്കാന കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ ട്രഷററായും , കാത്തലിക് യുവജന കമ്മീഷന്റെയും പട്ടികജാതി കമ്മീഷന്റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനങ്ങളാണ് തന്നെ നയിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ആന്റണി പറയാറുണ്ട്.

അടുത്ത മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ ഇടയുണ്ടെന്ന് കരുതുന്ന ഒമ്പത് പേരുടെ സാധ്യതാ ലിസ്റ്റില്‍ കര്‍ദ്ദിനാള്‍ ആന്റണി പൂലയുടെ പേരില്ലെങ്കിലും അദ്ദേഹത്തിന്റെ പേരും വന്നു കൂടായ്കയില്ല. സാധ്യതാ ലിസ്റ്റിലിലൊന്നും ഇല്ലാതിരുന്ന അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയായി 2013ല്‍ ഉയര്‍ത്തപ്പെട്ടത്. അസംഭവ്യമെന്ന് കരുതുന്ന പലതും സംഭവിക്കുന്ന ഇടമാണ് കര്‍ദിനാള്‍ കോണ്‍ക്ലേവ്. അതുകൊണ്ട് തന്നെ ആന്റണി പൂലെയുടെ പേര് വരാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.

നിലവില്‍ മാര്‍പ്പാപ്പയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒമ്പത് പേര്‍ ഇവരാണ്:

  1. ഴാങ് മാര്‍ ആവെലീന്‍ (66), മാഴ്‌സെ ആര്‍ച്ച് ബിഷപ്പ്, ഫ്രാന്‍സ്
  2. കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ (72), ഹംഗറി
  3. കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് (68), ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍, മാള്‍ട്ട
  4. കര്‍ദിനാള്‍ ഹുവാന്‍ ഹൊസെ ഒമെല (79), ബാഴ്‌സലോണ ആര്‍ച്ച് ബിഷപ്പ്, സ്‌പെയിന്‍
  5. കര്‍ദിനാള്‍ പെയ്‌ത്രോ പരോലീന്‍ (70), വത്തിക്കാന്‍ നയതന്ത്രജ്ഞന്‍, ഇറ്റലി
  6. കര്‍ദിനാള്‍ ലൂയി അന്റോണിയോ ഗോകിം ടാഗ്ലെ (67), ഫിലിപ്പീന്‍സ്
  7. കര്‍ദിനാള്‍ ജോസഫ് ടോബിന്‍ (72), നെവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ്, യുഎസ്
  8. കര്‍ദിനാള്‍ പീറ്റര്‍ കോഡ്വോ അപീയ ടെര്‍ക്‌സാന്‍ (76), വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍, ഘാന
  9. മത്തേയോ മരിയ സുപ്പി (69), ബൊളോഞ്ഞ ബിഷപ്പ്, ഇറ്റലി
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top