കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സംഘപരിവാര്‍ പറയുന്നത് പച്ചക്കള്ളം; 1968ലെ മതപരിവർത്തന നിയമം കോണ്‍ഗ്രസ് കൊണ്ടുവന്നതല്ല

ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിന് കാരണമായ മതപരിവര്‍ത്തന നിയമം 1968ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയതാണ് എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ വിശദീകരണം വസ്തുതാവിരുദ്ധം. യഥാര്‍ത്ഥത്തില്‍ 1967 – 69 കാലത്ത്, അവിഭക്ത മധ്യപ്രദേശില്‍ അന്നത്തെ പ്രതിപക്ഷ മുന്നണിയായ സംയുക്ത വിധായക്ദള്‍ ഭരണത്തിലാണ് ഈ നിയമം പാസാക്കിയത്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘം ഉള്‍പ്പെട്ടതായിരുന്നു ഈ സര്‍ക്കാർ. മധ്യപ്രദേശ് ധര്‍മ്മ സ്വതന്ത്രയ അധിനിയം 1968 ( The Freedom of Religion Act 1968) എന്നായിരുന്നു നിയമത്തിൻ്റെ പേര്.
ഇക്കാര്യം മറച്ചു വെച്ചാണ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിന് മേല്‍ കുറ്റം ചുമത്തുന്നത്. വാട്‌സാപ്പ് യൂണിവേഴ്സിറ്റി വിവരമാണ് ആധികാരികമെന്ന മട്ടില്‍ ബിജെപി ഹാന്‍ഡിലുകളും പാര്‍ട്ടി പ്രസിഡന്റും പ്രചരിപ്പിക്കുന്നത്. ഈ മാസം 29 ന് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിങ്ങനെയാണ്. ‘ഇതിന്റെ ഒരു ബാക്ക്ഗ്രൗണ്ട് ഒന്ന് നമ്മള്‍ എല്ലാവരും മനസിലാക്കണം. ഛത്തീസ്ഗഡ് എന്ന് പറഞ്ഞ സംസ്ഥാനത്തില്‍ ഒരു ആന്റി കണ്‍വേര്‍ഷന്‍ ലോ ഉണ്ട്. 1967ല്‍ പാസായ ഒരു ആന്റി കണ്‍വേര്‍ഷന്‍ ലോ ആണ്. അന്ന് അത് പാസാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു’. (വീഡിയോ രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്).

കന്യാസ്ത്രീകളുടെ പ്രശ്നത്തിൽ മുന്നിലുണ്ട് എങ്കിലും, കോണ്‍ഗ്രസിനെ അടിക്കാന്‍ കിട്ടിയ വടി എന്ന മട്ടില്‍ ഈ വാദത്തെ സിപിഎം ഹാന്‍ഡിലുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ആധികാരികമായി ബിജെപി സംസ്ഥാന പ്രസിഡന്റും അനുയായികളും വ്യാപകമായി പ്രചരിപ്പിക്കുന്ന വാദത്തിൻ്റെ നിജസ്ഥിതി എന്താണെന്ന് ജനസംഘത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം.
എന്താണ് വാസ്തവം ?
1967ല്‍ പൊതുതിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിട്ടു. ലോക്‌സഭയില്‍ കേവലം 283 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സമാന സ്ഥിതിയാണ് കേരളം ഉള്‍പ്പടെയുള്ള മിക്കയിടത്തും നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രൂപംകൊണ്ട പ്രതിപക്ഷ മുന്നണിയായ സംയുക്ത വിധായക് ദളിന്റെ (Samyukta Vidhayak Dal- SVD) നേതൃത്വത്തില്‍ മന്ത്രിസഭകള്‍ രൂപം കൊണ്ടു.
ഭാരതീയ ജനസംഘം (BJS), ഭാരതീയ ക്രാന്തിദള്‍ (BKD), സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (SSP), പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി (PSP), സിപിഐ, സിപിഎം, സ്വതന്ത്രർ തുടങ്ങിയവരെല്ലാം ചേർന്ന് രൂപം കൊടുത്ത സര്‍ക്കാരുകള്‍ ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1967ല്‍ നിലവില്‍ വന്നു. ഇക്കാലത്താണ് കേരളത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മന്ത്രിസഭ അധികാരത്തില്‍ വന്നത്.
1967 ഫെബ്രുവരിയില്‍ മധ്യപ്രദേശ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ദ്വാരക പ്രസാദ് മിശ്രയുടെ (Dwarka Prasad Mishra – DP Mishra ) നേതൃത്വത്തില്‍ 296 അംഗ നിയമസഭയില്‍ 167 സീറ്റ് നേടി 1967 മാര്‍ച്ച് ഒമ്പതിന് സർക്കാർ അധികാരമേറ്റു. മൂന്ന് മാസം തികയുന്നതിന് മുമ്പായി മുഖ്യമന്ത്രിയുമായി കലഹിച്ച് 36 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി ഗോവിന്ദ് നാരായണ്‍ സിംഗ് (Govind Narayan Singh) പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ലോക് സേവക് ദള്‍ എന്നൊരു പാര്‍ട്ടി രൂപീകരിച്ചു.

ഗോവിന്ദ് നാരായണ്‍ സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ജനസംഘം ഉള്‍പ്പടെയുള്ള കക്ഷികള്‍ പിന്തുണ നല്‍കി. ഏക സിപിഐ അംഗത്തിന്റേയും പിന്തുണ എസ്‌വിഡി മുന്നണിക്ക് ലഭിച്ചു. അന്ന് ജനസംഘത്തിന് സഭയില്‍ 78 അംഗങ്ങളുണ്ടായിരുന്നു. 1967 ജൂലൈ 30ന് ഗോവിന്ദ് നാരായണ്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി സ്ഥാനം ജനസംഘത്തിന്റെ വീരേന്ദ്രകുമാര്‍ സക്‌ലേച്ചക്ക് ലഭിച്ചു. രാജമാത വിജയ് രാജെ സിന്ധ്യയായിരുന്നു ജനസംഘത്തിന്റെ കക്ഷി നേതാവ്. ഡിപി മിശ്ര മന്ത്രിസഭയെ മറിച്ചിടുന്നതില്‍ വിജയ് രാജെസിന്ധ്യ നിര്‍ണായക റോള്‍ വഹിച്ചു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ജനസംഘം ഉള്‍പ്പെട്ട ഈ മന്ത്രിസഭയുടെ കാലത്താണ് മധ്യപ്രദേശില്‍ 1968 ഒക്ടോബര്‍ 19ന് മതപരിവര്‍ത്തന നിരോധന നിയമം പാസായത് (The Freedom of Religion Act 1968). നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത് ജനസംഘം നേതാവും ഉപമുഖ്യമന്ത്രിയും ആയിരുന്ന വീരേന്ദ്രകുമാര്‍ സക്‌ലേച്ചയാണ്. മുഖ്യമന്ത്രി ഗോവിന്ദ് നാരായണ്‍ സിംഗ് ജനസംഘം മന്ത്രിമാരുടെ വകുപ്പുകളില്‍ കൈ കടത്തുന്നു എന്നാരോപിച്ച് നിരന്തര കലഹങ്ങള്‍ മൂലം മന്ത്രിസഭ 1969 മാര്‍ച്ച് 12ന് നിലം പതിച്ചു. 2000 നവംബറില്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചു. ഇതോടെ അവിടേയും ഈ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലായി. ബിജെപി അധികാരത്തിൽ എത്തിയപ്പോള്‍ ഈ നിയമം ഭേദഗതി ചെയ്ത് കൂടുതൽ ശക്തമാക്കി.
രാജ്യത്ത് ആദ്യമായി മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത് ഒറീസയാണ് (ഇപ്പോഴത്തെ ഒഡീഷ). 1967ല്‍ സ്വതന്ത്ര പാര്‍ട്ടിയുടെ നേതൃത്യത്തില്‍ അധികാരത്തില്‍ വന്ന രാജേന്ദ്ര നാരായണ്‍ സിംഗ് ദിയോ സര്‍ക്കാരാണ് മതപരിവര്‍ത്തന നിരോധന നിയമം (The Orissa Freedom of Religion Act 1967) പാസാക്കിയത്. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് 1968ല്‍ മധ്യപ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ജനസംഘം ഉള്‍പ്പെട്ട സര്‍ക്കാര്‍ പാസാക്കിയത്. ഈ വസ്തുതകള്‍ മറച്ചു വെച്ചാണ് ബിജെപി ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here