ആൻ്റണി രാജുവിനെ കൈവിട്ട് സർക്കാർ; തൊണ്ടിമുതൽ തിരിമറിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

ലഹരിക്കടത്ത് പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കിയെന്ന കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ കൂട്ടിച്ചേർക്കാൻ അനുമതി നൽകി ഹൈക്കോടതി. സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് സുപ്രധാന ഇടപെടൽ. മാധ്യമ പ്രവർത്തകൻ അനിൽ ഇമ്മാനുവൽ നൽകിയ ഹർജിയെ സർക്കാർ പക്ഷം സമ്പൂർണമായി പിന്തുണക്കുകയായിരുന്നു. നേരത്തെ വിചാരണാ കോടതി തള്ളിയ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. അഡ്വ അജിത് ജി അഞ്ചർലേക്കർ ആണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.
1989ൽ തിരുവനന്തപുരം വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന കേസിൽ മുൻ മന്ത്രി ആൻ്റണി രാജു അടക്കം രണ്ടുപ്രതികളുടെ വിചാരണ നെടുമങ്ങാട് കോടതിയിൽ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഈ ഘട്ടത്തിലാണ് പുതിയ കുറ്റങ്ങൾ കൂടി കേസിലേക്ക് വരുന്നത്. ആൻ്റണി രാജുവിൻ്റെ കൂട്ടുപ്രതിയായ കെ എസ് ജോസ് കോടതി ജീവനക്കാരൻ ആയിരുന്നതിനാൽ, സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വഞ്ചനക്കുള്ള ഐപിസി 409 കൂടി കേസിൽ ചുമത്തണം എന്നായിരുന്നു ഹർജി. ഇതാണ് ഇന്ന് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം വഞ്ചനക്കുള്ള 420 ഐപിസിയും കേസിൽ നേരത്തെ ചുമത്തിയിരുന്നു. ഇത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ പുതിയ വകുപ്പു കൂടി ചേർക്കുന്നതോടെ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന ഗുരുതരമായ അവസ്ഥയിലേക്ക് കേസ് മാറുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കെ, ആൻ്റണി രാജുവിൻ്റെ രാഷ്ട്രീയ ഭാവിയെ അടക്കം സാരമായി ബാധിക്കാവുന്ന അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. സുപ്രീം കോടതി നിർദേശപ്രകാരം വരുന്ന നവംബർ 20നുള്ളിൽ വിചാരണാ കോടതിയായ നെടുമങ്ങാട് ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ വിധി പറയേണ്ടി വരും. കേസിൽ ശിക്ഷ കിട്ടുന്ന സ്ഥിതിയായാൽ ആൻ്റണി രാജുവിന് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
16 വർഷത്തോളം വിചാരണ മുടങ്ങി വിസ്മൃതിയിലാണ്ട കേസിന് ജീവൻ വച്ചത് 2022ൽ ഇതിലെ രേഖകൾ പൂർണമായും പുറത്ത് വന്നതോടെയാണ്. പിന്നാലെ ഹൈക്കോടതി ഇടപെടൽ ഉണ്ടായത്തോടെ കേസിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആൻ്റണി രാജു നിയമപോരാട്ടം തുടങ്ങി. ഈ വാദങ്ങൾ ഭാഗികമായി അംഗീകരിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ആണ് ആൻ്റണി രാജുവിന് വിനയായത്. ഇവിടെ ആൻ്റണി രാജുവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടക്കത്തിൽ സർക്കാർ നടത്തിയെങ്കിലും കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങി. തുടർന്നാണ് സാങ്കേതികത്വവും, ഹൈക്കോടതി ഉത്തരവും തള്ളി ഉടനടി വിചാരണ തുടങ്ങാൻ പരമോന്നത കോടതി കഴിഞ്ഞ വർഷം നവംബർ 20ന് ഉത്തരവിട്ടത്. ഇതുപ്രകാരം തുടങ്ങിയ വിചാരണയാണ് നെടുമങ്ങാട് കോടതിയിൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്നത്.
Also Read : അണ്ടർവെയറിൻ്റെ ഫൊറൻസിക് പരിശോധന, കയ്യക്ഷര പരിശോധന; ആൻ്റണി രാജുവിൻ്റെ വിധിയെഴുതുക ഇത് രണ്ടും
പുതിയ ഹർജി ഹൈക്കോടതി അനുവദിച്ചതോടെ ഇതുപ്രകാരമുള്ള വിചാരണ കൂടി ഇനി നടത്തേണ്ടി വരും. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ മൻമോഹൻ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇതേ കാര്യത്തിന് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹർജി വിചാരണ കോടതി തള്ളിയിരുന്നു.
അതേസമയം പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കുന്നതിൽ എതിർപ്പ് ഇല്ലെന്ന് വിചാരണാ കോടതിയിലും പിന്നീട് ഇപ്പോൾ ഹൈക്കോടതിയിലും തന്ത്രപരമായ നിലപാട് സ്വീകരിച്ച ആൻ്റണി രാജുവിന് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി കൂടിയാണ് ഇന്നത്തെ വിധി. ഇന്ന് വിധി എതിരാകുമെന്ന് ഉറപ്പായ ഘട്ടത്തിൽ എതിർപ്പ് ഉന്നയിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത് ഇടപെടാൻ ശ്രമിച്ചെങ്കിലും നേരത്തെ രേഖാമൂലം അറിയിച്ച നിലപാടിൽ നിന്ന് പിന്മാറാൻ ആകില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കർശന നിലപാടെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here