SV Motors SV Motors

എ.ഐ ക്യാമറ ഒരു ലക്ഷ്യം പൊളിഞ്ഞു, അമിതവേഗത കണ്ടെത്താൻ കഴിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകള്‍ക്ക് അമിതവേഗത കണ്ടെത്താൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴയീടാക്കുമെന്ന മുൻ പ്രഖ്യാപനമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. സംസ്ഥാനത്തു വാഹനാപകടങ്ങൾ ഭൂരിപക്ഷവും അമിത വേഗതമൂലമാണ് ഉണ്ടാകുന്നതെന്നും എ.ഐ ക്യാമറ സ്ഥാപിക്കുന്നതിലൂടെ ഇതിൽ വൻ കുറവുവരുത്താൻ കഴിയുമെന്ന് എ.ഐ ക്യാമറ സ്ഥാപിക്കുന്ന സമയത്ത് മന്ത്രി അവകാശപ്പെട്ടിരുന്നു

എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിയമസഭയില്‍ ഈ മാസം 12ന് ചോദ്യം ഉന്നയിച്ചിരുന്നു.
726 എ.ഐ ക്യാമറകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കാനും പരിപാലിക്കാനുമായി 232.25 കോടിയാണ് ചെലവ് എന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രതിപക്ഷം കയ്യോടെ എ.ഐ ക്യാമറയിലെ അഴിമതി പൊക്കിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന്‍ പ്രകാശ് ബാബുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിയായിരുന്നു എ.ഐ ക്യാമറയിലെ വില്ലന്‍. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് കെല്‍ട്രോണ്‍ വഴി പ്രസാഡിയോ കമ്പനി എ.ഐ ക്യാമറ പദ്ധതിയില്‍ കയറി കൂടിയത്.

ധനവകുപ്പ് എതിര്‍ത്തിട്ടും മന്ത്രിസഭ യോഗത്തില്‍ വച്ച് എ.ഐ ക്യാമറ പദ്ധതി പാസാക്കിയെടുക്കുകയായിരുന്നു പിണറായി. തെളിവുകള്‍ ഒന്നൊന്നായി പ്രതിപക്ഷം പുറത്ത് വിട്ടതോടെ എ.ഐ ക്യാമറ പദ്ധതി കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ അഴിമതി പദ്ധതിയായി മാറി.

എ.ഐ ക്യാമറ അഴിമതിയില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി. എ.ഐ ക്യാമറ വഴി 3.37 കോടി രൂപയാണ് പിഴയായി 2023 ജൂലൈ 31 വരെ ഈടാക്കിയത്. 3,23,604 പേര്‍ക്ക് നിയമലംഘനം നടത്തിയതിന് ചെലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top