അവാർഡ് മോദി സർക്കാരിന്റേത്, കുറ്റം വർഗീയതയ്ക്ക്; എആർ റഹ്മാൻ എയറിൽ; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ

കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് കനത്ത തിരിച്ചടി. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇത്തരമൊരു വിവാദ പരാമർശം നടത്തിയത്. ഇതോടെ റഹ്മാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയതോടെ സോഷ്യൽമീഡിയയിൽ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.

പ്രധാന വിമർശനം റഹ്മാന്റെ ആരോപണവും അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ്. കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തെ പരോക്ഷമായി വിമർശിച്ച റഹ്മാൻ, ഇതേ കാലയളവിൽ തന്നെ മൂന്ന് ദേശീയ അവാർഡുകൾ നേടിയതാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ആം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

Also Read : എആർ റഹ്മാൻ്റേത് കുത്തഴിഞ്ഞ സ്റ്റൈൽ!! പുലർച്ചെ 3.33ന് റെക്കോർഡിങ്; വയ്യെന്നായിട്ടും നിർബന്ധിച്ച് പാടിച്ചു; തുറന്നടിച്ച് അഭിജീത് ഭട്ടാചാര്യ

ഈ അവാർഡുകൾ മോദി സർക്കാർ നൽകിയതാണെന്നും, വർഗീയത നിലനിൽക്കുന്ന ഒരു ഇടമായിരുന്നെങ്കിൽ ഈ അംഗീകാരങ്ങൾ ലഭിക്കുമായിരുന്നോ എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് റഹ്മാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “താൻ ബിജെപിയെ പിന്തുണയ്ക്കുന്നത് കൊണ്ട് ഇൻഡസ്ട്രിയിൽ വലിയ വിവേചനം നേരിടുന്നുണ്ടെന്നും, എന്നാൽ റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരാളെ കണ്ടിട്ടില്ലെന്നും” കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ ‘എമർജൻസി’ എന്ന ചിത്രം പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് റഹ്മാൻ തന്നെ കാണാൻ പോലും തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

വിവാദം കൊഴുത്തതോടെ ഇന്ന് റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഭാരതം എന്റെ വീടാണ്, സംഗീതം ലോകത്തെ ഒന്നിപ്പിക്കാനുള്ളതാണ്” എന്ന വൈകാരികമായ വിശദീകരണമാണ് താരം നൽകിയത്. വിശ്വപ്രസിദ്ധമായ ‘വന്ദേമാതരം’ ഗാനം സ്റ്റേഡിയത്തിൽ ആയിരങ്ങൾ പാടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top