സംഘപരിവാറിന്റെ പേര് പോലും പറയാതെ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ‘വഴിപാട്’ പ്രതികരണം; ഇനി ക്രൈസ്തവ വേട്ടയില്‍ മൗനം എന്ന് പരിഹസിക്കരുത്

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍. മെത്രാന്‍മാരുടെ മൗനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രതികരണവുമായി സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രംഗത്തെത്തിയത്. എന്നാല്‍ പ്രതികരണത്തില്‍ സംഘപരിവാറിനേയോ ബിജെപി സര്‍ക്കാരുകളേയോ വിമര്‍ശിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും അദ്ദേഹം പുലര്‍ത്തി.
എല്ലായിടത്തും നന്മയും തിന്മയും ഉണ്ട്. ഓരോ സ്ഥലത്ത് വിവിധ രീതിയിലാണ് പീഡനം നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയേയോ സംഘടനയേയോ കുറ്റപ്പെടുത്തുന്നില്ല എന്ന ഒഴുക്കന്‍ പ്രതികരണമാണ് ആന്‍ഡ്രൂസ് താഴത്ത് നടത്തിയത്. ലഭിച്ച അവസരത്തില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിട്ടുണ്ട്. ഭരണഘടന അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യമാണ് നിരന്തരം ലംഘിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും താഴത്ത് ആവശ്യപ്പെട്ടു.
കേരളത്തില്‍ പ്രീണനവും പുറത്ത് ആക്രമണവും അല്ലേ നടക്കുന്നത് എന്ന ചോദ്യത്തിന്, കേരളത്തിലും ക്രൈസ്തവര്‍ പല ശക്തികളില്‍ നിന്നും ഭീഷണിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ബജ്രംഗ്ദള്‍ പോലുള്ള തീവ്രസംഘടനകളാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ബജ്രംഗ്ദള്‍ സംഘപരിവാര്‍ സംഘടനയല്ലേ എന്ന ചോദ്യത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായല്ല സംസാരിക്കുന്നത്. ഭാരതം ആര് ഭരിച്ചാലും ഇത്തരം ആക്രമണങ്ങള്‍ തടയണം. മതസ്വതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നായിരുന്നു താഴത്തിന്റെ മറുപടി.
സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമം കൂടി ചുമത്തിയതോടെ ജാമ്യം ലഭിക്കുന്നത് പോലും ബുദ്ധിമുട്ടാവുകയാണ്. ഈ സമയത്താണ് സംഘപരിവാറിനെ വേദനിപ്പാക്കാതെയുള്ള സിബിസിഐ പ്രസിഡന്റിന്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here