‘റിപ്പോർട്ടർ ചാനലാണ് പണം മുടക്കേണ്ടത്…’ അങ്ങനെ പറഞ്ഞൊഴിയാമോ മന്ത്രീ? മെസ്സിയുടെ വരവിൽ ഇപ്പോഴും വ്യക്തത വരുത്താതെ സർക്കാർ

ഇക്കഴിഞ്ഞ നവമ്പറിൽ സ്പെയിനിൽ നേരിട്ടുപോയി അർജൻീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തി തിരിച്ചെത്തി ലയണൽ മെസ്സിയുടെ വരവ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച കായികമന്ത്രി വി അബ്ദുറഹിമാനാണ് വ്യക്തതയില്ലാതെ ഉരുണ്ടുകളിക്കുന്നത്. മന്ത്രി പ്രഖ്യാപിച്ചത് അനുസരിച്ച് ഈവരുന്ന ഒക്ടോബർ -നവമ്പർ മാസങ്ങളിലാണ് മെസ്സി ഉൾപ്പെട്ട ടീം കേരളത്തിൽ എത്തി സൌഹൃദ മത്സരങ്ങൾ കളിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അർജൻീന ടീം പുറത്തുവിട്ട ഷെഡ്യൂൾ പ്രകാരം ഒക്ടോബറിൽ അവർ ചൈനയിലാണ് കളിക്കുക. നവമ്പറിൽ അങ്കോളയുമായും അമേരിക്കയുമായും കളിയുണ്ട്. ഇതോടെയാണ് മന്ത്രി പറഞ്ഞ സീസണിൽ അവർ കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായത്.

120 കോടി രൂപയാണ് അർജൻീന ടീമിനെ എത്തിക്കാൻ ചിലവ് കണക്കുകൂട്ടിയത്. സർക്കാരിന് ഈ തുക മുടക്കാൻ കഴിയാത്തതിനാൽ സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ റിപ്പോർട്ടർ ചാനലുടമകളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഇത് ഏറ്റെടുത്തു. തുടർന്ന് അവരും അർജൻീന ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കി. അതുപ്രകാരം പകുതി തുകയായ 60 കോടി 45 ദിവസത്തിനകം നൽകണം. ഇത് പാലിക്കാതെ വന്നതോടെയാണ് മെസ്സിയും ടീമും വേറെ പണിനോക്കിയത്. അങ്ങനെ ചൈനയിലടക്കം കളി തീരുമാനിച്ച് അവർ ഷെഡ്യൂളും പുറത്തിറക്കിയ ശേഷമാണ് മന്ത്രി ഇപ്പോഴും പറയുന്നത്, റിപ്പോർട്ടർ പണം മുടക്കുമെന്നും കളി നടക്കുമെന്നും.
“റിപ്പോർട്ടർ ചാനലാണ് പണം മുടക്കേണ്ടത്, അവർ പണം അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്” -ഇങ്ങനെയാണ് മന്ത്രി വി അബ്ദുറഹിമാൻ അൽപംമുമ്പ് പറഞ്ഞത്. ഇപ്പോഴത്തെ വാർത്തകൾക്കൊന്നും അടിസ്ഥാനമില്ല എന്നും പറയാൻ ശ്രമിക്കുന്ന മന്ത്രി, സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്ന മട്ടിലാണ് വിശദീകരിക്കുന്നത്. സ്പോൺസർമാരായ റിപ്പോർട്ടർ ചാനൽ മേധാവികളാകട്ടെ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. എന്നാൽ ‘റിപ്പോർട്ടറിൽ’ നിന്ന് വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അവരെ സ്പോൺസർമാരായ തിരഞ്ഞെടുത്ത സർക്കാരും അതിലെ മന്ത്രിയും പറയുമ്പോൾ ഇനിയൊട്ടും പ്രതീക്ഷക്ക് വകയില്ലെന്ന് തന്നെയാണ് മെസ്സിയെ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകർ മനസിലാക്കേണ്ടത്.

അതേസമയം കരാർ ലംഘനത്തിന് റിപ്പോർട്ടർ കമ്പനിക്കെതിരെ അർജൻീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. കടുത്ത നാണക്കേടിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ച കമ്പനിക്കെതിരെ ആ വഴിക്കും നടപടിക്ക് സാധ്യതയുണ്ട്. പുതിയ വിവാദത്തോടെ റിപ്പോർട്ടർ ചാനൽ പ്രമോട്ടർമാരുടെ മുൻകാല ഇടപാടുകൾ പലതും സോഷ്യൽ മീഡിയ വീണ്ടും പുറത്തെടുക്കുന്നുണ്ട്. ആപ്പിൾ ഐഫോണിനെ വെല്ലാൻ മാംഗോ (എം ഫോൺ) എന്ന പേരിൽ സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്ന് 2016ൽ പ്രഖ്യാപിച്ച് മാധ്യമങ്ങളിലൂടെയും മറ്റും വൻ ഹൈപ്പ് ഉണ്ടാക്കിയ ശേഷം പെട്ടിപൂട്ടിപ്പോയതും, 2021ലെ കുപ്രസിദ്ധമായ മരംമുറിക്കേസുകളും അങ്ങനെ വീണ്ടും ചർച്ചയിലേക്ക് എത്തുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here