ചതിച്ചത് സർക്കാരോ? കരാര്‍ ലംഘനം നടത്തിയത് കേരളമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ

അർജന്റീന ഫുട്ബോൾ ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാർ ആണെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ). ടീമിന്റെ കൊമേഴ്സ്യൽ ആൻ്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സനാണ് വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ വർഷം സൗഹൃദ മത്സരങ്ങൾക്കായി അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിൽ എത്തിക്കാനായി 130 കോടി രൂപ ജൂണ്‍ ആറിന് കൈമാറിയെന്നും സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ടീമിനെയും മെസിയെയും എത്തിക്കാനായി വി അബ്ദുറഹിമാൻ സ്പെയിനിലെത്തി ചര്‍ച്ച നടത്തിയത് ലിയാന്‍ഡ്രോ പീറ്റേഴ്സനുമായിട്ട് ആയിരുന്നു. 13 ലക്ഷം ചെലവിട്ടാണ് മന്ത്രിയും ചര്‍ച്ചക്കായി പോയത്.
അര്‍ജന്‍റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിശദീകരണങ്ങളാണ് മന്ത്രി നല്‍കിയത്. സര്‍ക്കാരാണ് ടീമിനെ കേരളത്തിൽ എത്തിക്കുന്നതെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സര്‍ക്കാരും സ്പോണ്‍സറും ചേര്‍ന്നാണ് കരാർ ഉണ്ടാക്കിയതെന്ന് തിരുത്തി. അര്‍ജന്‍റീന എത്തില്ലെന്ന് വ്യക്തമായതോടെ സ്പോണ്‍സറുടെ മാത്രം ബാധ്യതയാണെന്നും സര്‍ക്കാരിന് ഇതില്‍ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി കൈകഴുകിമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here