സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു: 10 ജവാന്മാർക്ക് വീരമൃത്യു; 7 പേർക്ക് പരിക്ക്

ജമ്മു കാശ്മീരിലെ ദോഡയിൽ സൈനിക വാഹനം ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു. ഇന്ന് ദോഡയിലെ ഭദർവ-ചമ്പ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഭദർവയിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്നു സൈനിക വാഹനം. ഖന്നിടോപ്പിന് സമീപം നിയന്ത്രണം വിട്ട വാഹനം വലിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കിയ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ധീരരായ ജവാന്മാരുടെ സേവനവും പരമമായ ത്യാഗവും രാജ്യം എപ്പോഴും ഓർക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എക്‌സിൽ കുറിച്ചു.
ഈ പ്രയാസകരമായ ഘട്ടത്തിൽ രാജ്യം സായുധ സേനയ്ക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജവാന്മാരുടെ വിയോഗത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ ഈ അപകടത്തിൽ സൈന്യവും ഉന്നത ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here