അർണബിന് ഇതെന്തുപറ്റി?; ഗോദി മീഡിയയിൽ നിന്നൊരു ചുവടുമാറ്റം

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദേശീയ മാധ്യമങ്ങളിൽ വലിയൊരു കൗതുകം നമ്മൾ കാണുന്നുണ്ട്. കേന്ദ്ര സർക്കാരിനെ കണ്ണടച്ച് പിന്തുണച്ചിരുന്ന, ഗോദി മീഡിയ എന്ന് കളിയാക്കപ്പെട്ടിരുന്ന അർണബ് ഗോസ്വാമി പെട്ടെന്ന് സർക്കാരിനെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വായുമലിനീകരണം മുതൽ റെയിൽവേ അപകടങ്ങൾ വരെ അർണബിന്റെ ചർച്ചകളിൽ നിറയുകയാണ്. ഇത് സത്യസന്ധമായ ഒരു മാറ്റമാണോ? അതോ അദാനി എൻഡിടിവി ഏറ്റെടുത്തതോടെ മാധ്യമ വിപണിയിൽ ഉണ്ടായ പുതിയ ബിസിനസ് തന്ത്രമാണോ? നമുക്ക് നോക്കാം.

Also Read : ആരവല്ലി മലനിരകളുടെ നിർവചനം മാറ്റി സുപ്രീം കോടതി; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

2014-ന് ശേഷം ഇന്ത്യൻ മാധ്യമരംഗത്ത് അർണബ് ഗോസ്വാമി ഉണ്ടാക്കിയെടുത്ത ഒരു പ്രത്യേക ശൈലിയുണ്ട്. ‘The Nation Wants to Know’ എന്ന ഡിബേറ്റ് പ്രോഗ്രാമിലൂടെയാണ് അത് ജനകീയമായത്. ആദ്യം ടൈംസ് നൗവിൽ ആരംഭിച്ച ഡിബേറ്റ് ഷോ പിന്നീട് റിപ്പബ്ലിക് ടിവിയിൽ അർണബ് അവതരിപ്പിച്ച് തുടങ്ങിയപ്പോഴാണ് പ്രശസ്തമായത്. അതിഥികളെ നിരന്തരം ചോദ്യം ചെയ്യുകയും അവർക്ക് മറുപടി നൽകാൻ സമയം നൽകാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന രീതി അർണബ് അവലംബിച്ചു.

ജെഎൻയു വിവാദം, കർഷക സമരം, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിൽ അർണബ് പൂർണ്ണമായും ഭരണകൂടത്തിന്റെ വക്താവായി നിലയുറപ്പിച്ചു. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ അർബൻ നക്സലുകൾ എന്നും രാജ്യദ്രോഹികൾ എന്നും അദ്ദേഹം വിളിച്ചു. റിപ്പബ്ലിക് ടിവി എന്ന സ്ഥാപനം ഒരു വലതുപക്ഷ പ്രൊപ്പഗാണ്ട മെഷീനായി ചിത്രീകരിക്കപ്പെട്ടു.

Also Read : ‘അവർ സോണിയ ആയാലും രാഹുലായാലും’; രാജ്യദ്രോഹികൾക്കെതിരെ ഒന്നിക്കാൻ കോൺഗ്രസുകാരോട് ബിജെപി

ഇതിനിടയിലാണ് ഇന്ത്യൻ മാധ്യമചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു നീക്കം നടന്നത്. നിഷ്പക്ഷ മാധ്യമം എന്ന് പേരുകേട്ടിരുന്ന എൻഡിടിവിയെ പ്രണോയ് റോയിയിൽ നിന്നും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ രവീഷ് കുമാറിനെപ്പോലെയുള്ള മുതിർന്ന മാധ്യമപ്രവർത്തകർ പുറത്തായി. സർക്കാരിനെ വിമർശിക്കാൻ ആരുമില്ലാത്ത ഒരവസ്ഥ ദേശീയ തലത്തിൽ ഉണ്ടായി. ഇന്ത്യൻ മാധ്യമരംഗത്തെ കോർപ്പറേറ്റ് വൽക്കരണത്തെക്കുറിച്ച് ഏറ്റവും കൃത്യമായ പഠനങ്ങൾ നടത്തിയിട്ടുള്ള പരഞ്ജോയ് ഗുഹ താക്കൂർത്തയെപ്പോലുള്ളവർ ഇതിനെ കോർപ്പറേറ്റ് ഹൈജാക്കിംഗ് എന്നാണ് വിളിച്ചത്. അദാനിയും അംബാനിയും മാധ്യമങ്ങൾ പങ്കിട്ടെടുക്കുമ്പോൾ അവിടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാകുന്നു എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ഏറ്റെടുക്കൽ അർണബ് ഗോസ്വാമിയെ മറ്റൊരു രീതിയിലാണ് ബാധിച്ചത്.

എൻഡിടിവി എന്ന ബ്രാൻഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ, കേന്ദ്ര സർക്കാരിനെ വിമർശനാത്മകമായി സമീപിച്ചിരുന്ന ചാനലിന്റെ ശബ്ദം താഴ്ന്നു. അതോടെ, രാജ്യത്തെ വലിയൊരു വിഭാഗം പ്രേക്ഷകർക്ക് മുന്നിൽ സർക്കാരിനെ ചോദ്യം ചെയ്യുന്ന ഒരു ദേശീയ ചാനലില്ലാത്ത സാഹചര്യം വന്നു. തുടക്ക കാലത്ത് അദാനി ഗ്രൂപ്പിനെ ഏറ്റവും ശക്തമായി അർണബ് ഗോസ്വാമി അനുകൂലിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ നമ്മൾ അത് കണ്ടതാണ്. പക്ഷെ പോകപോകെ ആ ബന്ധം തകരുകയായിരുന്നു. റിപ്പബ്ലിക് ടിവിയിൽ നിന്നുൾപ്പെടെയുള്ള പ്രമുഖ മാധ്യമപ്രവർത്തകരെ വലിയ ശമ്പളം നൽകി അദാനി സ്വന്തം ന്യൂസ്‌റൂമിലേക്ക് എത്തിക്കുകയും കുറഞ്ഞ നിരക്കിലുള്ള പരസ്യ പാക്കേജുകൾ നൽകുകയും ചെയ്തത് റിപ്പബ്ലിക് ടിവിക്ക് വലിയ തിരിച്ചടിയായി.

Also Read : അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ നിയമങ്ങളെ അവഹേളിക്കുന്നു; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ഇതോടെ റിപ്പബ്ലിക് ടിവിയിൽ പതിവില്ലാത്ത വാർത്തകളും ചർച്ചകളും വന്നു തുടങ്ങി. എല്ലാ ചാനലുകളും സർക്കാരിനെ പുകഴ്ത്തുമ്പോൾ, വിപണിയിൽ ബാക്കിയായ ആ ക്രിട്ടിക്കൽ സ്പേസ് പിടിച്ചെടുക്കാനുള്ള നീക്കത്തിലേക്ക് അർണബ് കടന്നു. അടുത്ത കാലത്തുണ്ടായ ട്രെയിൻ അപകടങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന്റെ പരാജയത്തെ അർണബ് രൂക്ഷമായി വിമർശിച്ചു. ആധുനികമായ സിഗ്നലിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെക്കുറിച്ച് അദ്ദേഹം തന്റെ പ്രൈം ടൈം ഷോകളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. “നമ്മുടെ ജനങ്ങളുടെ ജീവന് വിലയില്ലേ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം ബിജെപി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു.

ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വായുമലിനീകരണം നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അർണബ് തുറന്നടിച്ചു. വർഷാവർഷം ആവർത്തിക്കുന്ന ഈ ദുരന്തത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിയാത്തത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം വാദിച്ചു. ബിജെപിയെ സംബന്ധിച്ച് അവരുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള ചർച്ചയായിരുന്നു അത്. ആരവല്ലി പർവതനിരകൾ സംരക്ഷിക്കുന്ന കാര്യത്തിലും കോർപ്പറേറ്റുകൾക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തുന്നതിലും സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു.

Also Read : റേറ്റിങില്‍ ഏഷ്യാനെറ്റ് നഷ്ടപ്രതാപം തിരിച്ചു പിടിക്കുന്നു; കേരളം വീണ്ടും ചാനൽ യുദ്ധത്തിലേക്ക്

സാധാരണക്കാരുടെ പ്രശ്നങ്ങൾ തമസ്കരിച്ച് കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് ശരിയല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ഗോദി മീഡിയ എന്ന് വിമർശിക്കപ്പെട്ടിരുന്ന അർണബിന്റെ ഭാഗത്ത് നിന്നുണ്ടായത് ഏവരെയും ഞെട്ടിച്ചു. ഇടിഞ്ഞുപോയ റിപ്പബ്ലിക് ടിവിയുടെ റേറ്റിംങ് സർക്കാരിനെതിരെയുള്ള ഈ പുതിയ നിലപാടുകളെ തുടർന്ന് കുതിച്ചുയർന്നു. അർണബ് ഗോസ്വാമി സർക്കാർ അനുകൂല നിലപാടുകളിൽ നിന്നും മാറി സഞ്ചരിച്ച് തുടങ്ങി എന്ന പ്രചാരണങ്ങൾ ഇതോടെ വ്യാപകമായി.

പക്ഷെ അർണബിന്റെ ഈ പുതിയ വേഷപ്പകർച്ചക്കിടയിൽ മറ്റൊരു കൗതുകം ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു വശത്ത് ഇൻഡിഗോ വിമാന വിവാദത്തിലും ആരവല്ലി വിഷയത്തിലും ഭരണകൂടത്തെ വിമർശിക്കുന്ന വീഡിയോകൾ പുറത്ത് വരുമ്പോൾ തന്നെ, മറുവശത്ത് അദ്ദേഹം തന്റെ പഴയ പ്രൊപ്പഗണ്ട ശൈലി കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തിയുമായി ചേർന്ന് തികച്ചും ഏകപക്ഷീയമായ ഒരു ചർച്ച നടത്തിയത്. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെയും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് നേരെയും അദ്ദേഹം തന്റെ പഴയ രോഷം മുഴുവൻ പുറത്തെടുത്തു.

Also Read : കടുത്ത ദുരിതമനുഭവിച്ചവർക്ക് 10,000 രൂപ വൗച്ചർ; മുഖം മിനുക്കൽ നടപടികളുമായി ഇൻഡിഗോ

ഇവിടെയാണ് അർണബിന്റെ ഇരട്ടത്താപ്പ് വെളിവാകുന്നത്. വായുമലിനീകരണമോ റെയിൽവേ അപകടമോ പോലെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയെ ബാധിക്കാത്ത വിഷയങ്ങളിൽ അദ്ദേഹം വിമർശനം നടത്തുന്നു. എന്നാൽ വോട്ട് കൊള്ള, വിദ്വേഷ പ്രസംഗങ്ങൾ, ആൾക്കൂട്ടക്കൊലകൾ, അഴിമതി തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ അർണബ് ഇന്നും മൗനത്തിലാണ്. വർഗീയതയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹം പഴയതുപോലെ തന്നെ ഭരണകൂടത്തിനൊപ്പമോ അല്ലെങ്കിൽ വലതുപക്ഷ ചേരിക്കൊപ്പമോ ഉറച്ചുനിൽക്കുകയാണ്.

Also Read : ബാബറി മസ്ജിദിന് പ്രതികാരമായി ഡൽഹിയിൽ സ്ഫോടനപരമ്പര ലക്ഷ്യമിട്ടെന്ന് ദേശീയ മാധ്യമങ്ങൾ; ഒരുക്കിയത് 32 കാറുകളെന്നും എൻഡിടിവി

ദീർഘകാലമായി നേരിടുന്ന ഗോദി മീഡിയ എന്ന പരിഹാസം അർണബിന്റെ ആഗോള പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. താൻ ആരുടെയും പക്ഷത്തല്ലെന്നും തെറ്റ് കണ്ടാൽ ആരെയും ചോദ്യം ചെയ്യുമെന്നും വരുത്തിത്തീർക്കേണ്ടത് അദ്ദേഹത്തിന്റെ ബ്രാൻഡ് നിലനിർത്താൻ അത്യാവശ്യമാണ്. എൻഡിടിവി ഇപ്പോൾ ഭരണകൂടത്തോട് മൃദുസമീപനം സ്വീകരിക്കുമ്പോൾ, താൻ സ്വതന്ത്രനാണെന്ന് സ്ഥാപിക്കാൻ അദ്ദേഹത്തിന് ലഭിച്ച സുവർണ്ണാവസരമാണിത്. ചുരുക്കത്തിൽ, അർണബിന്റെ മാറ്റം ഇന്ത്യൻ ജനാധിപത്യത്തോടുള്ള പെട്ടെന്നുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് മാറുന്ന മാധ്യമ സാഹചര്യങ്ങളിലെ ഒരു അതിജീവന തന്ത്രം മാത്രമാണ് എന്നാണ് പൊതുവായ വിലയിരുത്തൽ. പുതിയ മാറ്റങ്ങൾ ഇന്ത്യൻ മാധ്യമ മേഖലയെ ഏതു തരത്തിൽ സ്വാധീനിക്കുമെന്ന് കാത്തിരുന്ന കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top