ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം തലപ്പത്ത് ലഖ്‌നൗ ഡോക്ടർ; മസൂദ് അസ്ഹറിന്റെ കുടുംബവുമായി ബന്ധം

ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടർ ഷഹീന ഷാഹിദിന് ഭീകര സംഘടനയുമായി ബന്ധമെന്ന് കണ്ടെത്തൽ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (JeM) വനിതാ വിഭാഗമായ ‘ജമാഅത്ത്-ഉൽ-മോമിനാത്തി’ന്റെ (Jamaat-ul-Mominaat) ഇന്ത്യയിലെ നേതൃത്വ ചുമതല ഇവർക്ക് ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.
ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഇവർ നേതൃത്വം നൽകിയെന്നാണ് വിവരം. ഈ വനിതാ വിഭാഗത്തിന് പാകിസ്ഥാനിൽ നേതൃത്വം നൽകുന്നത് ജെയ്‌ഷ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ ആണ്. ജെയ്‌ഷ് മൊഡ്യൂൾ തകർത്തതിന് പിന്നാലെ അറസ്റ്റിലായ ഷഹീനയുടെ കാറിൽ നിന്ന് അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായിയുമായി ഷഹീനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ച കേസിൽ ജമ്മു കശ്മീർ പൊലീസ് തിരയുന്ന വ്യക്തിയായിരുന്നു ഡോക്ടർ മുസമ്മിൽ ഗനായി. ഇയാളുടെ വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഷഹീനയുടെ കാർ പരിശോധിക്കുകയും 350 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 ടൈമറുകൾ തുടങ്ങിയവ കണ്ടെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here