പിന്നോട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. ‘ഒരിഞ്ചു പോലും പിന്നോട്ടില്ല’ ‘Not an inch back’ എന്ന് കുറിച്ചുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ആര്യ തന്റെ നിലപാട് വ്യക്തമാക്കിയത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിന് പിന്നാലെ കോർപ്പറേഷനിലെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും പാർട്ടിക്ക് അകത്തും മേയർക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു.
Also Read : ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍; ഞെട്ടൽ മാറാതെ എൽഡിഎഫ്
മുൻ കൗൺസിലർ ഗായത്രി ബാബു മേയർക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് വലിയ ചർച്ചയായിരുന്നു. മേയറുടെ പേര് നേരിട്ട് പറയാതെയായിരുന്നു ഗായത്രിയുടെ വിമർശനം. ‘ഓഫീസ് കരിയർ വളർത്താനുള്ള കോക്കസ് ആയി കണ്ടെന്നും, പാർട്ടിയെക്കാൾ വലുതാണ് താൻ എന്നൊരു ഭാവമായിരുന്നുവെന്നും ഗായത്രി ബാബു പോസ്റ്റിൽ ആരോപിച്ചിരുന്നു. മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പറയപ്പെടുന്ന ഭരണപരമായ വീഴ്ചകളും, തന്നെക്കാൾ താഴെ പദവിയിലുള്ളവരോടുള്ള പുച്ഛഭാവവും തിരിച്ചടിക്ക് കാരണമായെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദമായതോടെ ഗായത്രി ബാബു പോസ്റ്റ് പിൻവലിച്ചിരുന്നു.
വിമർശനങ്ങളുടെ പശ്ചാത്തലത്തിലും താൻ പിന്മാറില്ലെന്ന് സൂചന നൽകുന്നതാണ് മേയറുടെ മറുപടി. അതേസമയം, ഗായത്രി ബാബുവിന്റെ ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ആര്യയെ മാത്രം പഴിക്കേണ്ടതില്ലെന്നും, അവരുടെ പ്രവർത്തനത്തിൽ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here