അസം ബിജെപിയില്‍ മുഖമന്ത്രിക്കെതിരെ ജഗട ജഗട; 17 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസം ബിജെപിയില്‍ കാലുമാറ്റവും തമ്മിലടിയും രൂക്ഷം. മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായി 17 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലേക്കാണ് ഈ നേതാക്കള്‍ എത്തിയിരിക്കുന്നത്. അഹോം എന്ന സമുദായത്തെ അവഗണിക്കുന്നു എന്നാരോപിച്ചാണ് മുന്‍ കേന്ദ്രമന്ത്രി രാജന്‍ ഗൊഹാന്റ നേതൃത്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്.
രാജന്‍ ഗൊഹാന്‍ നാല് തവണ ബിജെപി എംപിയും ഒന്നാം മോദി സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയുമായിരുന്നു. രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഔദ്യോഗിക പദവികള്‍ക്ക് പുറമെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവച്ചിട്ടുണ്ട്. അപ്പര്‍, സെന്‍ട്രല്‍ അസമില്‍നിന്നുള്ള പ്രമുഖരായ 17 നേതാക്കളാണ് അദ്ദേഹത്തിനൊപ്പം രാജി സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രമുഖ നേതാക്കളുടെ രാജി ബിജെപിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നേതാക്കള്‍ക്ക് പുറമേ 500ലധികം പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കയാണ്. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച് ബിജെപിയിലെത്തിയ നേതാവാണ് ഗൊഹാന്‍. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനവുമുണ്ട്. ഹിമന്ത ബിശ്വാസ് എല്ലാ മേഖലയിലും സമ്പൂര്‍ണ പരാജയമാണെന്ന് ഗൊഹാന്‍ അഭിപ്രായപ്പെട്ടു. അസം കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാവായിരുന്നു ഹിമന്ത ബിശ്വാസ്. കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം അസം മുഖ്യമന്ത്രിയുമായിരുന്ന ഹിതേശ്വര്‍ സൈക്കിയയുമായി തെറ്റിപ്പിരിഞ്ഞാണ് 2015ല്‍ ഹിമന്ത ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കൃത്യം ആറ് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മുഖ്യമന്ത്രിയായി അവരരോധിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഹിമന്തയുടെ പെട്ടെന്നുള്ള കുതിച്ചു കയറ്റം മറ്റ് മുതിര്‍ന്ന നേതാക്കള അസ്വസ്ഥരാക്കി.
അഹോം സമുദായത്തെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. അസമിലെ 40 ലധികം നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ജാതി വിഭാഗമാണ് അഹോം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയക്ക് അയച്ച രാജിക്കത്തിലും നാഗോണ്‍ മുന്‍ എംപി കൂടിയായ രാജന്‍ ഗോഹൈന്‍ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അസം ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here