ശബ്ദത്തിന് ഇന്നും യൗവനം; നവതിയുടെ നിറവിൽ ആശാ ഭോസ്‌ലേ

മഹാരാഷ്ട്ര: ഇന്ത്യയുടെ സംഗീത റാണിക്ക് ഇന്ന് 90 വയസ്. 1933 സെപ്റ്റംബർ എട്ടിന് മഹാരാഷ്ട്രയിലെ കൊങ്കിണി കുടുംബത്തിൽ ജനിച്ച ആശാ ഭോസ്‌ലെ ജീവിത പാതയിൽ ഒൻപത് പതിറ്റാണ്ട് പിന്നിടുന്നു. അച്ഛൻ ദീനനാഥ് മങ്കേഷ്‌കർ മറാത്തി നാടകവേദിയിലെ ഗായകനായിരുന്നു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ സഹോദരിയായ ആശ, എന്നാൽ കൂടപ്പിറപ്പിന്റെ പ്രശസ്തിക്ക് കീഴിൽ ഒതുങ്ങാതെ സ്വന്തമായി ഒരു സാമ്രാജ്യം തന്നെ തീർക്കുകയായിരുന്നു .

എട്ടു പതിറ്റാണ്ടുകളായി സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഈ ശബ്‌ദം ആദ്യമായി സിനിമയിൽ കേട്ടു തുടങ്ങിയത് 1943ലാണ്. പത്താം വയസിൽ മറാത്തി ചിത്രമായ ‘മജ്‌ഹ ബാൽ’ എന്ന ചിത്രത്തിലെ ഗാനമാലപിച്ചാണ് അരങ്ങേറ്റം. 1948ൽ ‘ചുനരി’ എന്ന സിനിമയിലെ ‘സാവൻ ആയ’ എന്ന പാട്ടിലൂടെയാണ് ബോളിവുഡിലേക്ക് കാലെടുത്തുവക്കുന്നത്. ലതാ മങ്കേഷ്‌കർ എന്ന അതുല്യ പ്രതിക ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്ന കാലത്താണ് ആശയുടെ വരവ്. തന്റേതായ ശൈലിയിലൂടെ മുന്നേറാനുള്ള ആശയുടെ പ്രയത്‌നം ശ്രമകരമായിരുന്നെങ്കിലും അവരുടെ കഠിനപ്രയത്‌നം വിജയം കാണുകതന്നെ ചെയ്തു.

പ്രശസ്ത സംഗീത സംവിധായകൻ ഒ പി നയ്യാർ ആയിരുന്നു ആശക്ക് ബ്രേക്ക് നൽകിയ ‘സിഐഡി’ എന്ന ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്. നയ്യാർ-ആശ കൂട്ടുക്കെട്ടിൽ 300ൽ അധികം ഗാനങ്ങളാണ് ഒരുങ്ങിയത്. പിന്നീട് ആർ.ഡി. ബർമൻ ആശക്കായി സംഗീതമൊരുക്കാൻ തുടങ്ങി. ഈ ബന്ധം വളർന്ന് വിവാഹത്തിൽ എത്തുകയും ചെയ്തു. ആശാ ഭോസ്‌ലെക്കാൾ ആറു വയസിന് ഇളയതായിരുന്നു ‘പഞ്ച’ എന്ന് ആശ വിളിച്ചിരുന്ന ആർ.ഡി. ബർമൻ. ആശയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

കാലത്തെ അതിജീവിച്ച ശബ്‌ദമാണ് ആശ ഭോസ്‌ലേയുടെ പ്രത്യേകത. 20 ഭാഷകളിലായി 11000 ത്തിലധികം പാട്ടുകളാണ് മികവുറ്റ ഈ പ്രതിഭയുടേതായി സംഗീതലോകത്തിന് ലഭിച്ചത്. 1982 ലും 1988 ലും മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം ആശയെ തേടിയെത്തി. 2001ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പദ്മ വിഭൂഷണും നൽകി രാജ്യം ഈ അതുല്യ പ്രതിഭയെ ആദരിച്ചു.

മന്നാഡെ, എസ്.ഡി. ബർമൻ, റോഷൻ, ബപ്പി ലാഹിരി, എ.ആർ. റഹ്മാൻ തുടങ്ങി നിരവധി സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു. ദം മാരോ ദം, ലെഗയി ലെഗയി, ഇൻ ആംഖോ കി മസ്തി, രാധ കൈസേ ന ജലേ, ചുരാലിയാ ഹേ തുംനേ ജൊ ദിൽകോ തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. 1922 ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന മലയാള ചിത്രത്തിൽ രവീന്ദ്ര ജെയിൻ സംഗീതം നൽകിയ ‘സ്വയംവര ശുഭദിന മംഗളങ്ങൾ, അനുമോദനത്തിന്റെ ആശംസകൾ’ എന്ന ഗാനവും പാടിയിട്ടുണ്ട്. ‘ഹരി ഓം’ എന്ന സിനിമക്ക് വേണ്ടി പാടിയ ‘സിന്ദഗി തു ചുപ്പി ഹേ കഹാം’ എന്ന ഗാനമാണ് ആശ ഭോസ്‌ലെ ഒടുവിൽ പാടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top