മുഖ്യമന്ത്രിയെത്തിയാലേ പിന്മാറൂ; ആശാ പ്രവർത്തകരുടെ അന്ത്യശാസനം

ശമ്പള വർദ്ധനയും സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ശേഷമാണ് വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.

തങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ ക്ലിഫ് ഹൗസിന് മുന്നിൽ തമ്പടിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിനെ തടയാനായി പോലീസ് വീണ്ടും വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.

ആശാ വർക്കർമാരുടെ പ്രതിരോധം ശക്തമായതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ സമരക്കാർ ഉപയോഗിച്ചിരുന്ന മൈക്കും സ്പീക്കറും പോലീസ് പിടിച്ചെടുത്തു. ഇതിൽ രോഷാകുലരായ ആശാ പ്രവർത്തകർ പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പോലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് റോഡ് തടഞ്ഞു. ഉപകരണങ്ങൾ തിരികെ നൽകുന്നത് വരെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച പ്രവർത്തകർ, റോഡ് ഉപരോധം തുടരുകയാണ്.

Also Read : 700 രൂപ ദിവസ വേതനം എന്നത് എല്‍ഡിഎഫ് പ്രകടപത്രിക; ആശാ വര്‍ക്കര്‍മാരെ പിണറായി സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചത് തന്നെ

പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണണമെന്നും, മുഖ്യമന്ത്രി നേരിട്ട് വന്ന് ചർച്ച ചെയ്ത് സമരം ഒത്തുതീർപ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നിൽ നിന്ന് പിരിഞ്ഞു പോകില്ലെന്നും സമരക്കാർ ഉറപ്പിച്ചു പറഞ്ഞു. വേതനത്തിലെ കുറവ്, അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് തുടങ്ങിയ ദീർഘകാലമായുള്ള ആവശ്യങ്ങളാണ് ആശാ പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ കൂടുതൽ ശക്തമായ സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ച് പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതികരണം രേഖപ്പെടുത്താനും, തങ്ങളുടെ ആവശ്യങ്ങളുടെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അംഗീകാരമില്ലാതെയും കുറഞ്ഞ വേതനത്തിലും ജോലി ചെയ്യുന്ന ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ ഈ പ്രതിഷേധത്തിലൂടെ വീണ്ടും പൊതുശ്രദ്ധ ആകർഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top