ആദ്യ പ്രസംഗത്തിൽ തന്നെ അസിം മുനീറിൻ്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന; അധികാരമേറ്റ ഉടൻ പ്രകോപനം

പാകിസ്ഥാൻ്റെ പുതിയ സംയുക്ത സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്ത്. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാൽ വേഗത്തിലും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
“ഇന്ത്യ ഒരു വ്യാമോഹത്തിലും അകപ്പെടരുത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ്റെ പ്രതികരണം കൂടുതൽ വേഗത്തിലും തീവ്രവുമായിരിക്കും,” അമേരിക്കൻ ഫണ്ടിങ്ങിന്റെ ബലത്തിൽ പാക്കിസ്ഥാൻ്റെ ആദ്യത്തെ സിഡിഎഫ് ആയി ചുമതലയേറ്റ അസിം മുനീർ സൈനിക ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു.
പാക്കിസ്ഥാൻ സമാധാനപരമായ രാഷ്ട്രമാണെന്ന് അവകാശപ്പെട്ട അദ്ദേഹം, രാജ്യത്തിൻ്റെ ഭൗമപരമായ അഖണ്ഡതയും പരമാധികാരവും പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയാണ് അസിം മുനീർ മൂന്ന് സേനകളുടെയും തലവനായി പുതിയ സിഡിഎഫ് റോളിൽ അഞ്ചുവർഷത്തേക്ക് ചുമതലയേറ്റത്. ഈ പദവി, രാജ്യത്തിൻ്റെ ആണവായുധങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ നിയന്ത്രണം കൂടി മുനീറിന് നൽകുന്നു.
അസിം മുനീർ അധികാരത്തിൽ വന്നതിന് പിന്നാലെ പാക്കിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരണം അറിയിച്ചു. പാക്കിസ്ഥാനിലെ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.
“ഞങ്ങൾ പാക്കിസ്ഥാനിലെ ഓരോ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ജനാധിപത്യവും പാക്കിസ്ഥാനും ഒരുമിച്ച് പോകുന്നവയല്ല. അതിനെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടും കാര്യമില്ല”. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here