അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റു; അമ്മയും മുത്തശ്ശിയും പൊലീസ് കസ്റ്റഡിയിൽ..

അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 22കാരിയായ അവിവാഹിതയായ സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും മുത്തശ്ശിയേയും ആശാവർക്കറെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 23നാണ് യുവതി കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിനെ ഇവർ വിൽക്കാനുള്ള സാധ്യത ഉണ്ടെന്ന് ശിശുക്ഷേമ സമിതിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് സമിതി പ്രവർത്തകർ ഇവരോട് കുഞ്ഞിനെ വിൽക്കരുതെന്ന് നിർദേശവും നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനു മുൻപേ തന്നെ കുഞ്ഞിനെ ഇവർ വിറ്റു. കഴിഞ്ഞ ദിവസമാണ് ഇതിനെക്കുറിച്ചു അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

രഹസ്യമായായിരുന്നു കുഞ്ഞിന്റെ വിൽപ്പന നടത്തിയത്. നവജാതശിശുവിനെ കാണാതായിട്ടും ആശുപത്രി അധികൃതർ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതും സംശയത്തിനു വഴിവച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോയെന്നും അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങളും ഇനിയും ലഭിക്കാൻ ഉണ്ട്.

സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിനെ വാങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല, അതേസമയം നിയമപരമായ ദത്തെടുക്കലല്ല നടന്നത്, അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും റാക്കറ്റുകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top