‘വോട്ട് കിട്ടാൻ അസമിനെ വിദേശികൾക്ക് വിട്ടുകൊടുത്തു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അസമിന്റെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് വിട്ടുകൊടുത്തുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നാഗോൺ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്ത് അസമിൽ നുഴഞ്ഞുകയറ്റം വർധിച്ചതായും, വിദേശികൾ വനഭൂമിയും പരമ്പരാഗത സ്ഥാപനങ്ങളും കൈയേറിയതായും പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ ബിജെപി സർക്കാർ ഇത്തരം നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച് അസമിന്റെ ഐഡന്റിറ്റിയും സംസ്‌കാരവും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
6,957 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോറിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. രണ്ട് ‘അമൃത് ഭാരത്’ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കാസിരംഗ നാഷണൽ പാർക്കിൽ 2025ൽ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതിയും സാമ്പത്തിക വികസനവും ഒരേപോലെ കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായും അദ്ദേഹം പറഞ്ഞു.
ബിഹാർ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ വിജയം ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് കാട്ടുന്നത്. കേരളത്തിൽ പോലും ബിജെപിക്ക് ഇപ്പോൾ മേയർ പദവി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here