നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച മുൻ ഗവ. പ്ലീഡർക്ക് തടവുശിക്ഷ; മാധ്യമ- അഭിഭാഷക തെരുവിൽ തല്ലിനും വഴിവച്ച കേസ്

ഹൈക്കോടതിയിലെ മുൻ സർക്കാർ അഭിഭാഷകൻ ധനേഷ് മാത്യൂ മാഞ്ഞൂരാനെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരുവർഷം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയും ഒടുക്കണം. 2016 ജൂലൈ 14 വൈകിട്ട് ഏഴിന് കൊച്ചി കോൺവെൻ്റ് റോഡിൽ വച്ചായിരുന്നു അതിക്രമം. നാട്ടുകാരാണ് അഭിഭാഷകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പരാതിക്കാരിയെ സ്വാധീനിച്ച് കേസിൽ നിന്നൂരാൻ എല്ലാ വഴിക്കും പ്രതി ശ്രമം നടത്തിയെങ്കിലും അതിൻ്റെ തെളിവുകളടക്കം പുറത്തുവന്നത് കൂടുതൽ കുരുക്കായി. പ്രതിയും വീട്ടുകാരും ചേർന്ന് പരാതിക്കാരിയെ വീട്ടിലെത്തി കണ്ട് മാപ്പപേക്ഷ എഴുതിനൽകി. കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള ഈ രേഖ പൊലീസ് ശേഖരിച്ചത് കേസിൽ നിർണായകമായി.
ഈ കേസിനെ തുടർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് കൊച്ചിയിലെ മാധ്യമ പ്രവർത്തകരും ഹൈക്കോടതിയിലെ അഭിഭാഷകരും തമ്മിൽ തർക്കം ഉണ്ടായതും പിന്നീട് തെരുവ് സംഘർഷത്തിലേക്ക് വഴിമാറിയതും. കേരളത്തിലെമ്പാടും ഉള്ള കോടതികളിൽ അപ്രഖ്യാപിത മാധ്യമവിലക്ക് ഉണ്ടായതും ഈ കേസിൻ്റെ ബാക്കിപത്രമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here