ഇതോ ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം; 120 ദിവസത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ 245 അതിക്രമം; പ്രതിദിനം രണ്ടുവീതം!!

ഈ വര്‍ഷം പിറന്ന ശേഷമുള്ള 120 ദിവസത്തിനിടയില്‍ രാജ്യത്താകെ ക്രൈസ്തവര്‍ക്ക് നേരെ 245 അക്രമസംഭവങ്ങള്‍ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (United Christian Forum- UCF). യുസിഎഫിന്റെ ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ചതാണ് ഈ കണക്കുകളെന്ന് യുസിഎഫ് കണ്‍വീനര്‍ എസി മൈക്കിള്‍ അറിയിച്ചു. 2015 മുതലാണ് യുസിഎഫ് ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചത്. ജനസംഖ്യയില്‍ കേവലം രണ്ട് ശതമാനം മാത്രമുള്ള ഒരു ന്യൂനപക്ഷ വിഭാഗത്തിനെതിരായി ഭയാനകമാം വിധം അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ: പത്ത് വര്‍ഷത്തെ മോദി ഭരണകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ 4316 ആക്രമണങ്ങള്‍; ന്യൂനപക്ഷ വേട്ടക്കെതിരെ നടപടിയില്ലെന്ന് യുസിഎഫ്

പ്രതിദിനം രണ്ടുവീതം എന്ന കണക്കിൽ ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ഭാഗത്തു നിന്നും അക്രമങ്ങൾ ഉണ്ടാവുന്നു എന്നാണ് ഈ കണക്കുകള്‍ വിളിച്ചു പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. 50 അതിക്രമങ്ങളാണ് 120 ദിവസത്തിനിടയില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ALSO READ : മതപരിവര്‍ത്തനം ആരോപിച്ച് 9 പേരെ ജയിലിലാക്കി യോഗി പോലീസ്!! യുപിയില്‍ ക്രിസ്ത്യന്‍ വേട്ട തുടരുന്നു;

തൊട്ടുപിന്നില്‍ ഛത്തീസ്ഗഡ്,46 കേസുകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ 22 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ 18, ജാര്‍ഖണ്ഡ് 17, ബീഹാര്‍ 16, ആന്ധ്രപ്രദേശ് 14 എന്നിങ്ങനെയാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ യുസിഎഫിന്റെ ടോള്‍ ഫ്രീ നമ്പറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തില്‍ വന്നതു മുതല്‍ അതിക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. 2014ല്‍ 127 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2024 ആയപ്പോൾ പ്രതിവർഷം 834 എന്ന കണക്കിലായി. അതിക്രമങ്ങളെക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും നീതി കിട്ടാറില്ല. പകരം പരാതിക്കാർക്കെതിരെ കേസെടുക്കുന്നതാണ് പോലീസിൻ്റെ പതിവ് പരിപാടി എന്നാണ് ആരോപണം.

രണ്ട് മാസം മുമ്പ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ബജ്ഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ട് മലയാളി വൈദികരെ പട്ടാപ്പകല്‍ അതിക്രൂരമായി ആക്രമിച്ചിട്ട് പോലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ഇത്. ഒഡീഷയില്‍ രണ്ട് വൈദികരെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചു. ഒരാളുടെ തോളെല്ല് ഒടിഞ്ഞ് രണ്ട് മാസമായി ആശുപത്രിയിലാണ്.

ALSO READ : ഒഡീഷയിൽ പള്ളിയിൽ പോലീസ് നടത്തിയത് നരനായാട്ട്; സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ പോലും തല്ലി; റിപ്പോര്‍ട്ട് പുറത്ത്

ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടും ഒരിക്കല്‍ പോലും പ്രധാനമന്ത്രിയോ, ഉത്തരവാദിത്തപ്പെട്ട ബിജെപി, സംഘപരിവാര്‍ നേതാക്കളോ ഇവയെ തള്ളിപ്പറയാനോ അപലപിക്കാനോ തയ്യാറായിട്ടില്ല. പകരം ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വിശ്വാസികളായ ദലിതരും ആദിവാസികളുമാണ് അക്രമങ്ങള്‍ക്ക് വിധേയരാവുന്നവരില്‍ ഏറെയും.

2014 മുതല്‍ 2024 വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ കണക്കുകള്‍

  • 2014: 127 കേസുകള്‍
  • 2015: 142
  • 2016: 226
  • 2017: 248
  • 2018: 292
  • 2019: 328
  • 2020: 279
  • 2021: 505
  • 2022: 601
  • 2023: 734
  • 2024: 834 കേസുകള്‍

ഇങ്ങനെ ആകെ 4316 കേസുകളാണ് 10 വര്‍ഷത്തിനിടയില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top