യുദ്ധത്തിന് മുമ്പേ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ; 1971ന് സമാനം സാഹചര്യം; അന്നും പോർവിമാനങ്ങൾ വെടിവച്ചിട്ടു, നഗരങ്ങൾ ആക്രമിച്ചു

ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായ 1971ലെ ഇന്തോ-പാക് യുദ്ധത്തിന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യം. ഡിസംബർ മൂന്നിനാണ് അന്ന് യുദ്ധം തുടങ്ങിയതെങ്കിലും അതിന് ഒരാഴ്ച മുമ്പെങ്കിലും ഇരുപക്ഷവും കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ഇപ്പോഴത്തേതിന് സമാനമായി അന്നും വ്യാമസേനയായിരുന്നു ആക്രമണത്തിൻ്റെ കുന്തമുന.

1971 ഡിസംബർ 3-16 വരെയായിരുന്നു യുദ്ധം. എന്നാൽ നവമ്പർ അവസാന ആഴ്ച തന്നെ യുദ്ധകാഹളം മുഴങ്ങി. അതിർത്തി കടന്ന യുദ്ധ വിമാനങ്ങൾ ഇന്ത്യ പിടിച്ചു. അതിർത്തിയിൽ പാക് സൈനികർ സാധാരണക്കാരെ വെടിവച്ചുകൊല്ലാൻ തുടങ്ങി. ഷെല്ലാക്രമണവും തുടങ്ങി. 10 ദിവസത്തിനകം യുദ്ധമെന്ന് പാക് പ്രസിഡൻ്റ് യഹ്യാഖാൻ പ്രഖ്യാപിച്ചത് നവമ്പർ 26നാണ്.

ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന ബേലൂർഘട്ടിൽ പാക്കിസ്ഥാൻ്റെ മൂന്നു ടാങ്കുകൾ തകർത്തത് നവമ്പർ 27നാണ്. അതിർത്തി ലംഘിച്ച വിമാനങ്ങൾ വെടിവച്ചിട്ട സ്ഥലം പ്രതിരോധമന്ത്രി ജഗ്ജീവൻ റാം സന്ദർശിച്ച് ഇന്ത്യൻ വൈമാനികരെ അഭിനന്ദിച്ചത് ഡിസംബർ രണ്ടിന് ആയിരുന്നു. അതിൻ്റെ പിറ്റേന്ന് മാത്രമാണ് യുദ്ധം ഔപചാരികമായി തുടങ്ങിയത്.

ഇതിനെക്കാളെല്ലാം വിപുലമായ തിരിച്ചടിയാണ് ഇത്തവണ യുദ്ധപ്രഖ്യാപനത്തിന് മുമ്പേ ഇന്ത്യ നടത്തുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ് അടക്കം നഗരങ്ങളിൽ മിസൈൽ വർഷിച്ചു. സിയാൽകോട്ടിലും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണം. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്ററടുത്ത് സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

പാക്കിസ്ഥാൻ്റെ നാല് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി. പാകിസ്ഥാൻ്റെ എയർഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനം വഴിയാണ് ഇത് തകർത്തത്. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ലോക്ഡൌൺ പ്രഖ്യാപിച്ച് ഇരുട്ടിലാണ്.

ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തും രംഗത്തുണ്ട്. ഇതിൽ നിന്നാണ് കറാച്ചി തുറമുഖത്തിന് നേരെ ആക്രമണം നടക്കുന്നത് എന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ ജമ്മു അടക്കം അതിർത്തി സംസ്ഥാനങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾക്കുള്ള തിരിച്ചടി മാത്രമാണ് ഇപ്പോൾ നടക്കുന്നതെല്ലാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top