ഓസ്‌ട്രേലിയൻ വനിതാ കളിക്കാരെ കയറിപ്പിടിച്ച പ്രതി കൊടും കുറ്റവാളി; കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകൾ

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് രാജ്യത്തിന് മൊത്തം നാണക്കേടായ സംഭവം നടന്നത്. ഇൻഡോറിൽ ലോകകപ്പിനെത്തിയ 2 ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. കൃത്യം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയായ അഖ്വീല്‍ ഖാന്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് വിവരം.
ഓസ്‌ട്രേലിയൻ കളിക്കാർക്കെതിരെ നടത്തിയ അതിക്രമം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിച്ചത്. അന്വേഷണത്തിലാണ് ഇയാൾക്കെതിരെ മോഷണം, ലൈംഗിക അതിക്രമങ്ങൾ, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. 10 വർഷത്തെ തടവിന് ശേഷം ഭൈരവ്ഗഡ് ജയിലിൽ നിന്ന് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാളുടെ സ്വഭാവം പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്
ഹോട്ടലിൽ നിന്ന് കഫേയിലേക്ക് നടന്നുപോകുന്നതിനിടെയാണ് താരങ്ങൾക്ക് നേരെ അതിക്രമം ഉണ്ടായത്. ഉടൻ തന്നെ അവർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ബൈക്ക് കണ്ടെത്തി. ഇതിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസിന്റെ നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here