ഒരു സർക്കിളിനെ വാടകയ്‌ക്കെടുത്താലോ? അല്ലെങ്കിൽ വേണ്ട പോലീസ് സ്റ്റേഷൻ മുഴുവനായങ്ങ് എടുക്കാം

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയ്ക്ക് വേണ്ടി ആയിരത്തോളം പോലീസുകാരാണ് ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിൽ അണിനിരന്നത്. എസ്ഐ. സിഐ, ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. റാങ്കും എണ്ണവും കണക്കാക്കി ന്യായമായ തുക നൽകി ഇവരുടെ സേവനം വാടകയ്ക്ക് എടുക്കുകയായിരുന്നു. സമീപകാലത്ത് ഇത്രത്തോളം പോലീസുകാരെ അണിനിരത്തി കൊണ്ട് ഇതു പോലൊരു സ്വകാര്യ പരിപാടി നടന്നിട്ടില്ല.

യഥാർത്ഥ പോലീസുകാരുടെ സേവനം എങ്ങനെയാണ് വാടകയ്ക്ക് എടുക്കുക? സാധാരണക്കാർക്കും ഈ സേവനം ലഭ്യമാക്കുമോ? എത്രയാണ് വാടക? ഇതെല്ലാം പൊതുജനത്തിന് കൗതുകം ഉണർത്തുന്ന കാര്യമാണ്. എന്നാൽ ഇതത്ര അസാധാരണമായ നടപടിയല്ല. ഏത് സ്വകാര്യ ചടങ്ങിനും പോലീസുകാരുടെ സേവനം വാടകയ്ക്ക് എടുക്കാം. അതിനു ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാത്രം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
പോലീസിനെ വാടകയ്ക്ക് ലഭിക്കുമെന്നത് യാഥാർഥ്യം തന്നെ. പോലീസുകാരെ മാത്രമല്ല പോലീസ് സ്റ്റേഷനും വയർലെസ് സെറ്റും, ഡോഗ് സ്‌ക്വഡിനെ വരെ വാടകയ്ക്ക് എടുക്കാം. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒരു ദിവസത്തെ വാടക 15,000 രൂപയാണ്. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം,എന്നിവയുടെ ഷൂട്ടിംങ്ങുകൾക്കായാണ് പോലീസ് സ്റ്റേഷനുകൾ വാടകയ്ക്ക് നൽകുന്നത്. ചിത്രീകരണത്തിന് വേണ്ടി സെറ്റ് ഒരുക്കി ബുദ്ധിമുട്ടണ്ട. കാണികൾക്ക് തീർത്തും റിയലിസ്റ്റിക് അനുഭവം നൽകുകയുമാകാം.

പ്രധാനപ്പെട്ട ചടങ്ങുകൾ, പ്രമുഖർ പങ്കെടുക്കുന്ന വിവാഹങ്ങൾ, വലിയ പൊതു പരിപാടികൾ എന്നിവയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായാണ് പോലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നൽകാറുള്ളത്. ഒരു സിവിൽ പോലീസ് ഓഫീസറെ നാല് മണിക്കൂർ നേരത്തേക്ക് വാടകയ്‌ക്കെടുക്കാനുള്ള നിരക്ക് 610 രൂപയാണ്. എന്നാൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് നാല് മണിക്കൂർ നേരത്തേക്ക് ഏകദേശം 3,340 രൂപ വാടകയായി നൽകേണ്ടിവരും. ഇവർ യൂണിഫോമിൽ തന്നെയായിരിക്കും സേവനത്തിനുണ്ടാകുക.
കൂട്ടത്തിൽ ഏറ്റവും ചിലവ് വരുന്നത് പോലീസ് നായക്ക് തന്നെ. നായയെയെയും ഹാൻഡ്‌ലറെയും ഒരു ദിവസത്തേക്ക് കിട്ടാൻ ₹10,000 കൊടുക്കണം. സ്വകാര്യ പരിപാടികൾക്കും ബോധവൽക്കരണ ക്ലാസുകൾക്കും മറ്റുമാണ് പോലീസ് നായയെ വാടകയ്ക്ക് കൊടുക്കാറുള്ളത്. സ്കൂൾ ഫെയറുകൾ, സന്നദ്ധ സംഘടനകളുടെ പരിപാടികൾ എന്നിവയിൽ ആളുകളെ ആകർഷിക്കാൻ പോന്നതാണ് പോലീസ് നായകളുടെ പ്രകടനം.

വരുമാനം ലക്ഷ്യമിട്ട് തന്നെയാണ് പോലീസ് ഡിപ്പാർട്ട്മെന്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. കൂടാതെ പോലീസ് സേനയെ കൂടുതൽ ജനകീയമാക്കുക, പോലീസ് സ്റ്റേഷനുകൾ പൊതുസമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുക എന്നി ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. ഇതിലൂടെ ലഭിക്കുന്ന ഫീസ്, പോലീസ് ക്ഷേമനിധികളിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇനി ഈ സേവനങ്ങൾ ഏതുതരത്തിൽ നേടിയെടുക്കാമെന്ന് നോക്കാം. ആദ്യം തന്നെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ സ്വഭാവം, സമയദൈർഘ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അനുമതി നൽകും. ഓരോ സേവനത്തിനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ നിർബന്ധമായും പാലിക്കണമെന്ന് ഉദ്യോഗസ്ഥ തലത്തിൽ നിർദ്ദേശമുണ്ട്.
എങ്കിലും, പോലീസുകാർക്ക് ഡ്യൂട്ടി തിരക്കിനിടയിൽ ഇത് അധികഭാരമാകുമോ, പോലീസ് സ്റ്റേഷനുകളുടെ ഔദ്യോഗിക പ്രവർത്തനങ്ങളെ ഇത് ബാധിക്കുമോ തുടങ്ങിയ ആശങ്കകളും നിലനിൽക്കുന്നുണ്ട്. സിനിമാ ഷൂട്ടിങ്ങിന് വേണ്ടിയാണെങ്കിലും, സ്വകാര്യ സുരക്ഷയ്ക്ക് വേണ്ടിയാണെങ്കിലും, പോലീസിനെ വാടകയ്ക്ക് എടുക്കുന്ന ഈ നടപടി ശരിയാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here