യുദ്ധവും അന്യഗ്രഹജീവികളും; ബാബ വാംഗയുടെ പ്രവചനങ്ങൾ സത്യമാകുമോ?

ഭാവിയെക്കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ നടത്തി ലോകത്തെ ഞെട്ടിച്ച ബാൽക്കൻസിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. 2026-ലേക്ക് കടക്കുമ്പോൾ മനുഷ്യരാശിയെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങളാണെന്നാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ബൾഗേറിയയിൽ ജീവിച്ചിരുന്ന അന്ധയായ ബാബ വാംഗ തന്റെ 12-ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് തനിക്ക് ഭാവിയെക്കുറിച്ച് ദർശനങ്ങൾ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. 1996-ൽ അവർ അന്തരിച്ചെങ്കിലും, വരും നൂറ്റാണ്ടുകളിലെ കാര്യങ്ങൾ അവർ നേരത്തെ പ്രവചിച്ചതായാണ് അനുയായികൾ വിശ്വസിക്കുന്നത്. സെപ്റ്റംബർ 11 ആക്രമണം, ബരാക് ഒബാമയുടെ പ്രസിഡന്റ് പദവി, സുനാമി തുടങ്ങി നിരവധി കാര്യങ്ങൾ ബാബ വാംഗയുടെ പ്രവചനങ്ങളിൽ സത്യമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
2026-ൽ നടക്കാൻ പോകുന്ന വലിയ മാറ്റങ്ങളെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനകളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഈ വർഷം ആർട്ടിക്കിലെ ഹിമപാളികൾ അതിവേഗം ഉരുകുമെന്നും ഇത് സമുദ്രനിരപ്പ് ഉയരാൻ കാരണമാകുമെന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ആഗോളതാപനം രൂക്ഷമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്രലോകം ഭയക്കുന്ന കാര്യമാണിത്. 2026-ഓടെ യൂറോപ്പിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുമെന്നും അവിടെ മുസ്ലീം ആധിപത്യം വർധിക്കുമെന്നും ഉള്ള വിവാദപരമായ പ്രവചനവും ഇവർ നടത്തിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പിലെ ജനസംഖ്യാ ക്രമത്തിൽ വലിയ വ്യതിയാനം വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രകൃതിശക്തികളിലും ബഹിരാകാശ പര്യവേക്ഷണങ്ങളിലും അവിശ്വസനീയമായ ചില കണ്ടെത്തലുകൾ 2026-ൽ നടന്നേക്കാമെന്നും ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
Also Read : 2026ൽ യുഡിഎഫ് അധികാരത്തിൽ വരും; പെൻഷൻ വർധനവ് തിരഞ്ഞെടുപ്പ് തട്ടിപ്പ്; വിമർശനവുമായി വി ഡി സതീശൻ
2026-ൽ അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് എത്തുമെന്നും അത് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഇവർ പ്രവചിക്കുന്നു. ഇത് ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബഹിരാകാശ ഗവേഷണങ്ങൾ സജീവമായ ഇക്കാലത്ത് ഈ പ്രവചനം വലിയ ചർച്ചയാകുന്നുണ്ട്. ലോകം മറ്റൊരു വലിയ യുദ്ധത്തിന്റെ നിഴലിലാകുമെന്ന് ബാബ വാംഗ സൂചിപ്പിക്കുന്നു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും കണക്കിലെടുക്കുമ്പോൾ ഈ പ്രവചനം വലിയ ഭീതിയാണ് പടർത്തുന്നത്. ആണവായുധങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഇതിൽ സൂചനകളുണ്ട്. ഭൂമിയിലെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി പുതിയൊരു ഊർജ്ജസ്രോതസ്സ് കണ്ടെത്തുമെന്നും ഇത് ലോകത്തിന്റെ ഗതി മാറ്റുമെന്നും വാംഗ പ്രവചിക്കുന്നു. ഒരുപക്ഷേ ബഹിരാകാശത്തു നിന്നാകാം ഈ കണ്ടെത്തൽ.
ബാബ വാംഗയുടെ പ്രവചനങ്ങൾ ഒന്നിനും ലിഖിത രൂപമില്ല. എല്ലാം അവരുടെ വാക്കുകളിലൂടെ കൈമാറി വന്നവയാണ്. അതിനാൽ തന്നെ ഇതിൽ എത്രത്തോളം കൃത്യതയുണ്ടെന്ന കാര്യത്തിൽ തർക്കങ്ങളുണ്ട്. എന്നിരുന്നാലും, ലോകത്തെവിടെ എന്ത് ദുരന്തമോ മാറ്റമോ ഉണ്ടായാലും സോഷ്യൽ മീഡിയ ആദ്യം തിരയുന്നത് ,ബാബ വാംഗ ഇത് പറഞ്ഞിട്ടുണ്ടോ?’ എന്നാണ്. 2026-ൽ ബാബ വാംഗ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുമോ എന്നത് കാലം തെളിയിക്കേണ്ട ഒന്നാണ്. എങ്കിലും, 1996ൽ മരണപ്പെട്ട അന്ധയായ വയോധികയുടെ വാക്കുകൾ ലോകത്തെ ഇത്രത്തോളം മുൾമുനയിൽ നിർത്തുന്നു എന്നത് അത്ഭുതം തന്നെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here