ബാബുരാജ് പിന്മാറണമെന്ന് വിജയ് ബാബു; നിരപരാധിത്വം തെളിയിച്ച ശേഷം അമ്മയിൽ മത്സരിക്കണമെന്ന് ഉപദേശം

അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് വിട്ടുനിൽക്കണമെന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു. ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും അതുകൊണ്ടുതന്നെ നിരപരാധിത്വം തെളിയിച്ചു വേണം മത്സരത്തിനിറങ്ങാൻ എന്നും വിജയ് ബാബു ഫെയ്സ്ബൂക്കിലൂടെ കുറിച്ചു.
വ്യക്തിയല്ല സംഘടനയാണ് വലുത്. സംഘടനയെ നയിക്കാൻ കാര്യക്ഷമതയുള്ള നിരവധി ആളുകൾ വേറെയുണ്ട്. അങ്ങനെയുള്ളപ്പോൾ എന്തിനാണ് ഇത്ര തിടുക്കം. ഒന്നും വ്യക്തിപരമായ് എടുക്കാതെ മാറ്റത്തിന് വേണ്ടി വഴിമാറുകയാണ് ചെയ്യേണ്ടത്. തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ താൻ വിട്ടുനിൽക്കുകയാണ് ചെയ്തത്. അതുപോലെ ബാബുരാജും വിട്ടുനിൽക്കണം. ഇത്തവണ വനിത നേതൃത്വം ഏറ്റെടുക്കട്ടെ എന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം, ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. അമ്മ എന്നത് ഒരു മാതൃകാ സംഘടനയാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. പെൻഷൻ വാങ്ങുന്നവരും ആരോപണ വിധേയരും മത്സരിക്കരുതെന്നാണ് നിയമം. ആരോപണം നേരിടുന്നവർ മത്സരിക്കുകയാണെങ്കിൽ പെൻഷൻ വാങ്ങുന്നവർക്കും മത്സരിച്ചു കൂടെ എന്നാണ് നടി ചോദിച്ചത്. കുറച്ച് ആളുകൾക്ക് വേണ്ടി മാത്രം നിയമം മാറ്റുന്നത് തെറ്റാണ്. അങ്ങനെ ഒരാൾക്ക് വേണ്ടി മാറ്റം വരുത്തുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടെന്നും മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
ബാബുരാജിനെതിരെ നടൻ അനൂപ് ചന്ദ്രനും പ്രതികരിച്ചിരുന്നു. ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളാണോ അമ്മയെ നയിക്കേണ്ടതെന്നാണ് അദ്ദേഹം ചോദിച്ചത്. ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറാത്തത് ചില സ്വാർത്ഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		