‘ആഢംബര കാറുകൾ നിരോധിക്കണം’; ഇലക്ട്രിക് വാഹനങ്ങൾ കൂടാൻ സുപ്രീം കോടതിയുടെ നിർദേശം

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ ശരിയായ രീതിയിൽ നടപ്പിലാക്കാൻ, ആദ്യം ആഢംബര പെട്രോൾ, ഡീസൽ കാറുകൾ നിർത്തലാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഇലക്ട്രിക് വാഹന നയങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.

‘സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ, ഏറ്റവും ഉയർന്ന വിലയുള്ള ആഢംബര വാഹനങ്ങൾ ആദ്യം നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. കാരണം, ഇന്ത്യൻ ജനസംഖ്യയിലെ ചെറിയൊരു വിഭാഗത്തിന് മാത്രമേ അത്തരം കാറുകൾ താങ്ങാൻ കഴിയൂ,’ എന്ന് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.

വിഐപിമാർ ഉപയോഗിക്കുന്ന സൗകര്യമുള്ള വലിയ കാറുകൾക്ക് പകരമായി ഇന്ന് നല്ല വലിയ ഇലക്ട്രിക് കാറുകൾ വിപണിയിൽ ലഭ്യമാണ്. നിലവിലെ ഇലക്ട്രിക് വാഹന നയം വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഇലക്ട്രിക് കാറുകൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ കുറവാണെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ റോഡിലിറങ്ങുമ്പോൾ ചാർജിംഗ് സ്റ്റേഷനുകളും തനിയെ കൂടും. കൂടുതൽ പെട്രോൾ പമ്പുകളിൽ ചാർജിംഗ് സൗകര്യം ഏർപ്പെടുത്താമെന്നും കോടതി മറുപടി നൽകി.

കോടതിയുടെ ഈ നിർദേശത്തോട് കേന്ദ്ര സർക്കാരിന് യോജിപ്പാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി അറിയിച്ചു. 13 മന്ത്രാലയങ്ങൾ ഈ വിഷയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
നിലവിലെ നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അറ്റോർണി ജനറൽ ഉറപ്പുനൽകി. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top