ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിൽ ഇടിച്ചു കയറി; അപകടം സ്കൂളിൽ ക്ലാസ് നടക്കവേ..

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. നിരവധി വിദ്യാർത്ഥികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

സ്കൂളിൽ ക്ലാസുകൾ നടക്കവേ ആയിരുന്നു അപകടം. അപകട സ്ഥലത്ത് തീയും കറുത്ത പുകയും ഉയരുന്നു എന്നാണ് ഇന്ത്യയിലെദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സമയം ആംബുലൻസുകൾ ലഭ്യമായിരുന്നില്ല. പരിക്കേറ്റവരെ ഓട്ടോകളിലും വാനുകളിലും ആയാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബംഗ്ലാദേശ് വ്യോമസേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കാരണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മൂന്നു നിലകളിലായുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിന്റെ മുൻവശത്തായാണ് വിമാനം തകർന്നു വീണത്. ആദ്യം അധ്യാപകരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീടാണ് സൈന്യവും അഗ്നിശമന സേനയും സ്ഥലത്തെത്തുന്നത്.

അതേസമയം, അപകടകാരണം സർക്കാർ അന്വേഷിക്കും എന്നും എല്ലാവിധത്തിലുള്ള സഹായങ്ങളും ഉറപ്പാക്കും എന്നും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. രണ്ടാമത്തെ ചൈനീസ് നിർമ്മിത എഫ് 7 വിമാനമാണ് ഈ വർഷം തകർന്നുവീഴുന്നത്. കഴിഞ്ഞമാസം മ്യാൻമാർ വ്യോമസേനയുടെ യുദ്ധവിമാനവും തകർന്നു വീണിരുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന ഈ അപകടങ്ങൾ ബീജിംഗ് നിർമ്മിത പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top