ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ് സർക്കാർ. ഇതിനായുള്ള നയതന്ത്ര കുറിപ്പ് കൈമാറിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഔദ്യോഗികമായി കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ വാക്കാൽ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രേഖാമൂലം ഇന്ത്യയെ സമീപിക്കുന്നത് ആദ്യമായാണ്.
Also Read : ലാമ മുതൽ ഷേക്ക് ഹസീന വരെ; രാഷ്ട്രീയാഭയം തേടിയവരെ കൈവിടാത്ത ഇന്ത്യയുടെ ചരിത്രം
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെടുകയും രാജ്യം വിടുകയും ചെയ്ത ഹസീന, നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് അവർ ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ ഒരു സൈനിക താവളത്തിൽ ഹസീന എത്തിയതായാണ് വിവരം. ഹസീനയോടൊപ്പം മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലും ഇന്ത്യയിലുണ്ട്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. നവംബർ 18-നകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നം രൂക്ഷമാക്കാൻ മാത്രമേ സഹായിക്കൂ. എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തുകയാണ് പ്രശ്നപരിഹാരത്തിന് ഉചിതമായ നടപടിയെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ഉടൻ തിരികെ പോകാൻ തയ്യാറാണെന്ന് ഷെയ്ഖ് ഹസീന അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here