ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്; ഒസ്‌മാൻ ഹാദിയുടെ ചോര ഉണങ്ങും മുൻപേ എൻസിപി നേതാവ് വെടിയേറ്റ് വീണു

ബംഗ്ലാദേശിൽ വിദ്യാർത്ഥി നേതാവ് ഒസ്‌മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷങ്ങൾ പുകയുന്നതിനിടെ മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവായ മൊതാലെബ് ഷിക്കർക്കാണ് തലയ്ക്ക് വെടിയേറ്റത്. ഖുൽന നഗരത്തിലായിരുന്നു സംഭവം.

എൻസിപിയുടെ ഖുൽന ഡിവിഷണൽ ചീഫും എൻസിപി ശ്രമിക് ശക്തിയുടെ കേന്ദ്ര സംഘാടകനുമാണ് മൊതാലെബ് ഷിക്കർ. ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ വെച്ച് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചെവിയിലൂടെ തുളച്ചു കയറിയതിനാൽ വലിയ അപകടം ഒഴിവായി. നിലവിൽ അദ്ദേഹം ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Also Read : പത്രങ്ങൾ പുറത്തിറങ്ങാത്ത കറുത്ത ദിനം; ബംഗ്ലാദേശിൽ ജേണലിസ്റ്റുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടന്നത് നടുക്കുന്ന കൊള്ളയും തീവയ്പ്പും

ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് നേതൃത്വം നൽകിയ ‘ഇൻക്വിലാബ് മഞ്ച’യുടെ സ്ഥാപകൻ ഒസ്‌മാൻ ഹാദി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഡിസംബർ 12-ന് വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് എൻസിപി നേതാവിന് നേരെയും സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി കൂട്ടായ്മകൾ ചേർന്ന് 2025 ഫെബ്രുവരി 28-ന് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് എൻസിപി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ രൂപീകൃതമാകുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണിത്. വരുന്ന ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാദിയും ഷിക്കറും ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top