ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമ സ്ഥാപങ്ങൾ കത്തിച്ചത് ഇന്ത്യൻ ബന്ധം ആരോപിച്ച്

ബംഗ്ലാദേശിൽ വീണ്ടും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. 2024-ലെ ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയും ‘ഇൻക്വിലാബ് മഞ്ച’യുടെ വക്താവുമായ ശരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതാണ് ബംഗ്ലാദേശിൽ വീണ്ടും കലാപം കത്തിപടരാൻ കാരണം. ഡിസംബർ 12-ന് ധാക്കയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ ഹാദി, സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയായിരുന്നു വധശ്രമം.

ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ധാക്കയിലെ പ്രമുഖ ദിനപത്രങ്ങളായ ‘പ്രഥം ആലോ’ (Daily Prothom Alo), ‘ഡെയ്‌ലി സ്റ്റാർ’ (Daily Star) തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ പ്രതിഷേധക്കാർ തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. ഈ മാധ്യമങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. പുക നിറഞ്ഞ കെട്ടിടത്തിനുള്ളിൽ തങ്ങൾ ശ്വാസം മുട്ടി മരിക്കുകയാണെന്ന് ഡെയ്‌ലി സ്റ്റാറിലെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. വെള്ളിയാഴ്ച ഈ രണ്ട് പത്രങ്ങളും പ്രസിദ്ധീകരണം നിർത്തിവച്ചു.

Also Read : അമ്മയെ രക്ഷിച്ചതിന് ഇന്ത്യക്ക് നന്ദി; വധശിക്ഷ രാഷ്ട്രീയ പ്രതികാരമെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ചിറ്റഗോംഗിലെ ഇന്ത്യൻ മിഷന് നേരെ കല്ലേറുണ്ടായി. ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസഡറുടെ വീടിന് മുന്നിലും നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടി. ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുകൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഹാദിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കപ്പിക്കുകയും ചെയ്തു. ഹാദിയുടെ കൊലപാതകികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ജനങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ധാക്കയിലെ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായിരുന്ന വസതിയുടെ അവശേഷിക്കുന്ന ഭാഗങ്ങളും പ്രതിഷേധക്കാർ തകർത്തു. ഹാദിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകുന്നേരം സിംഗപ്പൂരിൽ നിന്ന് ധാക്കയിൽ എത്തിക്കും. ശനിയാഴ്ച ധാക്കയിൽ സംസ്കാരം നടക്കും. നിലവിൽ ധാക്കയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top