ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബംഗ്ലാദേശിന്റെ പിന്മാറ്റം; ടി20 ലോകകപ്പിൽ കളിക്കില്ല; പകരക്കാരായി സ്കോട്ട്‌ലൻഡ് വരുന്നു

2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സർക്കാർ ടീമിനെ ഇന്ത്യയിലേക്ക് അയക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ് ലോകകപ്പിൽ കളിക്കുമെന്ന് ഐസിസി അറിയിച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന നിലപാടാണ് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്രുളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും സ്വീകരിച്ചത്. നേരത്തെ, തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയിൽ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച ഐസിസി ബോർഡ് ഈ ആവശ്യം തള്ളിക്കളഞ്ഞു.

Also Read : സ്കൂളുകളിൽ പാട്ടും ഡാൻസും വേണ്ട; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ് സർക്കാർ

പങ്കെടുക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനം അറിയിക്കാൻ ഐസിസി നൽകിയ അന്ത്യശാസനം അവഗണിച്ചുകൊണ്ടാണ് ബംഗ്ലാദേശ് പിന്മാറ്റം പ്രഖ്യാപിച്ചത്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയതാണ് നിലവിലെ തർക്കങ്ങൾക്ക് പ്രധാന കാരണമെന്നാണ് സൂചന. രാഷ്ട്രീയപരമായ കാരണങ്ങളാൽ താരത്തിന് സുരക്ഷ നൽകാൻ ഇന്ത്യക്ക് കഴിയില്ലെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം സർക്കാർ നിരോധിക്കുകയും ചെയ്തു.

ലോകകപ്പിൽ നിന്ന് പിന്മാറുന്നതോടെ ഏകദേശം 240 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഉണ്ടാവുകയെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, ഐസിസിയിൽ നിന്നുള്ള വിലക്ക് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളും ബംഗ്ലാദേശ് നേരിടേണ്ടി വരും. താരങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന പരാതി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്കിടയിലും പുകയുന്നുണ്ട്. ബംഗ്ലാദേശ് ഒഴിഞ്ഞ ഗ്രൂപ്പ് സി-യിൽ പകരക്കാരായി സ്കോട്ട്‌ലൻഡ് എത്തും. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, നേപ്പാൾ, ഇറ്റലി എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top