നാടുകടത്തിയിട്ടും വീണ്ടും ഇന്ത്യയിലെത്തി; ബംഗ്ലാദേശി വനിതകൾ മുംബൈയിൽ അറസ്റ്റിൽ

ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ നാടുകടത്തിയ ബംഗ്ലാദേശി വനിതകൾ വീണ്ടും അനധികൃതമായി രാജ്യത്തേക്ക് കടന്നതിനെത്തുടർന്ന് മുംബൈയിൽ പിടിയിലായി. മുംബൈ പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് ഇവർ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഗേറ്റ്‌വേ ഓഫ് ഇന്ത്യക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 38 വയസ്സുകാരിയെയാണ് ആദ്യം പിടികൂടിയത്. സുലൈഖ ജമാൽ ഷെയ്ഖ് എന്ന ഇവർ മുംബൈയിലെ കാമാത്തിപുര ഭാഗത്ത് നടപ്പാതയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇവരെ ഇന്ത്യൻ അധികൃതർ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു.
എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ വനമേഖല വഴി ഇവർ വീണ്ടും രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇവരുടെ പക്കൽ പാസ്‌പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശിലെ ജെസ്സോർ ജില്ലക്കാരിയായ ഇവരെ അതിർത്തി കടക്കാൻ സഹായിച്ച സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിലെ കഫ് പരേഡ് പ്രദേശത്ത് നിന്നാണ് മുപ്പതുകാരിയായ രണ്ടാമത്തെ യുവതി പിടിയിലായത്. ബിൽകിസ് ബീഗം സിർമിയ അക്തർ എന്ന ഇവർ കഫ് പരേഡിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ബംഗ്ലാദേശി തിരിച്ചറിയൽ കാർഡും ഫോട്ടോകൾ അടങ്ങിയ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇവരെയും കഴിഞ്ഞ ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് നാടുകടത്തിയിരുന്നതാണ്. രണ്ട് പേർക്കെതിരെയും വിദേശി നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here