‘ഗോൾഡ്മാന്’ 5 കോടിയുടെ ഗുണ്ടാ ഭീഷണി; നൽകിയില്ലെങ്കിൽ സ്വർണ്ണം ധരിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ്

രാജസ്ഥാനിലെ ചിറ്റോർഗഢിലുള്ള ബിസിനസുകാരനാണ് കനയ്യലാൽ ഖാതിക്. ‘സ്വർണ്ണ മനുഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് ഗുണ്ടാ നേതാവായ രോഹിത് ഗോദാരയുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 5 കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി
പഴക്കച്ചവടം നടത്തുന്ന ഖാതിക്, ധാരാളമായി സ്വർണ്ണം ധരിച്ചാണ് നടക്കുക. ചിറ്റോർഗഢിൽ ഇയാൾ അറിയപ്പെടുന്നത് ‘ബപ്പി ലാഹിരി'(ഗോൾഡ് മാൻ’) എന്ന പേരിലാണ്. 50 വയസ്സുകാരനായ ഇദ്ദേഹം ഏകദേശം 3.5 കിലോഗ്രാം സ്വർണ്ണം ധരിക്കുന്നതിലൂടെയാണ് പ്രശസ്തനായത്. മുമ്പ് കൈവണ്ടിയിൽ പച്ചക്കറി വിറ്റ ഇദ്ദേഹം, പിന്നീട് ആപ്പിൾ കച്ചവടത്തിലൂടെ സമ്പന്നനാവുകയായിരുന്നു.
രണ്ടുദിവസം മുമ്പ് ഖാതിക്കിന് മിസ്ഡ് കോൾ വന്നു. തുടർന്ന് അതേ നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പ് കോളും വന്നു. അദ്ദേഹം കോൾ എടുക്കാതിരുന്നപ്പോൾ, 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം ലഭിച്ചു. പണം നൽകിയില്ലെങ്കിൽ, “ഇനി സ്വർണ്ണം ധരിക്കാൻ കഴിയാത്ത അവസ്ഥയിലാകും” എന്ന് ഭീഷണിപ്പെടുത്തിയതായി ഖാതിക് പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ബിക്കാനീർ സ്വദേശിയായ ഗോദാര നിലവിൽ കാനഡയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാൾക്കെതിരെ ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലായി 32ൽ അധികം കേസുകളുണ്ട്. റാപ്പർ സിദ്ധു മൂസേവാലയുടെ കൊലപാതകക്കേസിലെ പ്രതികളിലൊരാളാണ് ഗോദാര. സിന്ദൂരിലെ ഗുണ്ടാനേതാവ് രാജു തേഹത്തിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയും ഇയാളാണ്. 2022 ജൂൺ 13ന് ‘പവൻ കുമാർ’ എന്ന വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് കടന്നത്. ഇയാൾക്കെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ് നിലവിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here