ചാനൽ റേറ്റിങ്ങിൽ തട്ടിപ്പെന്ന പരാതിയിൽ പോലീസ് കേസെടുത്തു; റിപ്പോര്‍ട്ടര്‍ ടിവി ഉടമ പ്രതി

മലയാളത്തിലെ ന്യൂസ് ചാനലുകൾ തമ്മിലുള്ള കിടമത്സരം പുതിയ തലത്തിലേക്ക് കടന്നു. ചാനല്‍ റേറ്റിങ് ഏജൻസിയായ ബാര്‍ക്ക്-ൽ തിരിമറി നടത്തിയെന്ന 24 ന്യൂസിൻ്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസിലെ സീനിയര്‍ ഹെഡ് ഉണ്ണികൃഷ്ണനാണ് പരാതിക്കാരൻ. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥാണ് ഒന്നാം പ്രതി. കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാരതീയ ന്യായസംഹിത 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഒന്നാംപ്രതി പ്രേംനാഥ് റേറ്റിങ് ഡാറ്റയില്‍ തിരിമറി നടത്തുകയും, രണ്ടാം പ്രതി റിപ്പോര്‍ട്ടര്‍ ചാനലുടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 ജൂലൈ മുതല്‍ 24 ന്യൂസിന്റെ റേറ്റിംഗ് കുറച്ചുകാണിച്ച് പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇതുമൂലം 24 ന്യൂസിന് 15 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ആന്റോ അഗസ്റ്റിനാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിലവിലെ എംഡി. എന്നാല്‍ എഫ്‌ഐആറില്‍ റിപ്പോര്‍ട്ടര്‍ ഉടമ എന്ന് മാത്രമാണ് പേര് ചേർത്തിട്ടുള്ളത്.

24 ന്യൂസ് ചാനലിൻ്റെ റേറ്റിങ് കുറയ്ക്കുന്നതിനൊപ്പം റിപ്പോർട്ടർ ചാനലിൻ്റെ റേറ്റിങ് കൃത്രിമമായി കൂട്ടിക്കാണിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് എംഡിയുമായ ആർ.ശ്രീകണ്ഠന്‍ നായര്‍ റേറ്റിംഗില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് അടുത്തയിടെ ആരോപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ചാനലിൽ നിന്ന് മറ്റൊരു പരാതി പോലീസില്‍ എത്തിയിരിക്കുന്നതും കേസായിരിക്കുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here