‘ബംഗാളി സംസാരിച്ചാൽ ബംഗ്ലാദേശിയാകില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത

വോട്ടർ പട്ടിക പുതുക്കുന്ന സർക്കാർ നീക്കത്തിനെതിരെ (SIR) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ വലിയ പ്രതിഷേധ മാർച്ചാണ് നടത്തിയത്. ഈ നീക്കം പാർട്ടിയെ പിന്തുണയ്ക്കുന്ന വോട്ടർമാരെ പുറത്താക്കാനുള്ള ശ്രമമാണെന്ന് ടിഎംസി ആരോപിച്ചു.
കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള റെഡ് റോഡിൽ നിന്ന് ആരംഭിച്ച 3.8 കിലോമീറ്റർ പ്രതിഷേധ മാർച്ച്, രബീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനമായ ജോറാസങ്കോ താക്കൂർ ബാരിയിൽ അവസാനിച്ചു. റാലിയിൽ വെച്ച് ബിജെപിക്കെതിരെ മമത രൂക്ഷമായ വിമർശനമുയർത്തിയത്. “ബംഗാളി സംസാരിക്കുന്നത് ബംഗ്ലാദേശിയാണെന്ന് അർത്ഥമാക്കുന്നില്ല. ഹിന്ദി സംസാരിക്കുന്നതും പഞ്ചാബി സംസാരിക്കുന്നതും പാകിസ്ഥാനിയാണെന്ന് അർത്ഥമാക്കാത്തത് പോലെയാണിത്,” എന്നും മമത പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒരേ ഭൂമിയുടെ ഭാഗമായിരുന്നു. ഇത് അറിയാത്തവരാണ് ബിജെപിക്കാർ എന്നും മമത പറഞ്ഞു. പല തൊഴിലാളികളും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുമോ എന്ന് പേടിച്ച് ജീവിക്കുകയാണ്. വോട്ടർ പട്ടിക പുനഃപരിശോധിക്കാനുള്ള ഈ നടപടി (SIR) നിശബ്ദമായ കൃത്രിമം ആണെന്നാണ് തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here