എ ടി എം കൊള്ളയടി കേസിൽ വഴിത്തിരിവ്: 7 കോടി കവർന്ന സംഘത്തിൽ പൊലീസ് കോൺസ്റ്റബിളും മലയാളിയും

ബെംഗളൂരുവിൽ എ ടി എം കൗണ്ടറുകളിലേക്ക് പണവുമായി പോയ വാൻ തടഞ്ഞുനിർത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പേരെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടാമത്തെയാൾ കേരള സ്വദേശിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്.

കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിന് കീഴിൽ ആ സമയത്ത് പ്രവർത്തിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

കോൾ ഡാറ്റാ റെക്കോർഡ് പരിശോധനയിൽ, കവർച്ച നടന്ന സമയത്തും അതിന് ശേഷമുള്ള ദിവസങ്ങളിലും ഇരുവരും തുടർച്ചയായി ബന്ധപ്പെട്ട കാര്യം തെളിഞ്ഞു. ഏകദേശം ആറു മാസമായി സൗഹൃദത്തിലായിരുന്ന ഇവർ ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുൻ ജീവനക്കാരൻ അടുത്തിടെയാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.

നവംബർ 19-ന് ഉച്ചയ്ക്ക് ജയനഗർ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. കാറിലെത്തിയ സംഘം ആദായനികുതി ഉദ്യോഗസ്ഥരെന്ന് വ്യാജേന ബാങ്ക് വാഹനം തടഞ്ഞുനിർത്തി. രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി ഗൺമാനെയും മറ്റ് ജീവനക്കാരെയും പണമടങ്ങിയ പെട്ടികളോടുമൊപ്പം കാറിൽ കയറ്റിക്കൊണ്ടുപോയി.

തുടർന്ന്, ഡയറി സർക്കിൾ ഭാഗത്തേക്ക് പോയ സംഘം മേൽപ്പാലത്തിൽ വച്ച് ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി കടന്നുകളയുകയായിരുന്നു. ജെ പി നഗറിലെ എച്ച് ഡി എഫ് സി ബാങ്ക് ശാഖയിൽ നിന്ന് പണവുമായി പോയ വാഹനമാണ് കൊള്ളയടിക്കപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top