ഹണിമൂൺ പാതിവഴിയിൽ നിർത്തി മടങ്ങിയത് എന്തിന്? ഗാനവിയുടെ മരണത്തിന് പിന്നാലെ ഭർത്താവും മരിച്ച നിലയിൽ

ബെംഗളൂരുവിലെ നവവധു ഗാനവിയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഗാനവിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുരാജിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുരാജിന്റെ അമ്മ ജയന്തിയെ ആത്മഹത്യാ ശ്രമത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒക്ടോബർ 29നായിരുന്നു ഗാനവിയും സുരാജും തമ്മിലുള്ള വിവാഹം. നവംബർ 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ച് ഗംഭീരമായ റിസപ്ഷനും നടത്തിയിരുന്നു. എന്നാൽ ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കങ്ങളെത്തുടർന്ന് ഗാനവി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഗാനവിയുടെ മരണത്തിന് പിന്നാലെ സുരാജ്, അമ്മ ജയന്തി, സഹോദരൻ സഞ്ജയ് എന്നിവർ നാഗ്പൂരിലേക്ക് പോയി. അവിടെ വെച്ചാണ് സുരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജയന്തിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം.

സുരാജും കുടുംബവും ഗാനവിയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായി ഗാനവിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. വിവാഹത്തിനായി 40 ലക്ഷത്തോളം രൂപ ചിലവാക്കിയെന്നും എന്നാൽ വിവാഹശേഷം ക്രൂരമായ മാനസിക പീഡനമാണ് ഗാനവി നേരിട്ടതെന്നും കുടുംബം ആരോപിക്കുന്നു. 10 ദിവസത്തെ ഹണിമൂണിനായി ഇവർ ശ്രീലങ്കയിലേക്ക് പോയെങ്കിലും അവിടെ വെച്ചുണ്ടായ വഴക്കിനെത്തുടർന്ന് അഞ്ച് ദിവസം മുൻപേ മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാനവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബെംഗളൂരുവിലെ രാമമൂർത്തി നഗർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നാഗ്പൂർ പോലീസുമായി സഹകരിച്ചാണ് നിലവിലെ അന്വേഷണം. ഗാനവിയുടെ മരണത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ സുരാജിന്റെ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top