മോഷണക്കുറ്റം ആരോപിച്ച് ദമ്പതികൾക്ക് ക്രൂര മർദ്ദനം; പൊലീസ് തല്ലിച്ചതച്ചത് 3 മണിക്കൂർ

വജ്ര മോതിരം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളെ ബംഗളൂരു പൊലീസ് മൂന്ന് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ചത്. സഹായത്തിനായി നിലവിളിച്ചിട്ടും പൊലീസ് മർദ്ദനം തുടർന്നതായി യുവതി കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
വെസ്റ്റ് ബംഗാൾ സ്വദേശിനിയായ 34 വയസുള്ള സുന്ദരി ബീവി , ബാംഗ്ലൂർ കോർപ്പറേഷനിൽ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്ന അവരുടെ ഭർത്താവവായ 42 വയസുള്ള സൈദുൽ എന്നിവർക്കാണ് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂര മർദ്ദം നേരിട്ടത്. വനിതാ പൊലീസുകാർ ഉൾപ്പടെ 7 ഉദ്യോഗസ്ഥർ ചേർന്നാണ് മർദനം നടത്തിയത്.
സുന്ദരി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് വജ്ര മോതിരം കാണാതായി എന്നതാണ് കേസ്. ജോലി ചെയ്തിരുന്ന വീടിന്റെ ബാൽക്കണിയിൽ കിടന്ന 100 രൂപ നോട്ട് എടുത്ത് ഉടമസ്ഥന് തിരികെ നൽകാനാണ് താൻ ഉദ്ദേശിച്ചത് എന്നാണ് സുന്ദരി പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെങ്കിലും, പണം തിരികെ നൽകും മുമ്പ് ഉടമ എത്തി മോഷണക്കുറ്റം ആരോപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
സ്റ്റേഷനിൽ എത്തിയ ശേഷം മർദ്ദനം ആരംഭിച്ചു. നിലവിളി കേട്ട് ആളുകൾ എത്തിയപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്. രാത്രി 7 മണിവരെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. കൂടാതെ, നടന്ന കാര്യങ്ങൾ ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചതായും യുവതി പറയുന്നു. കഠിനമായ മർദ്ദനത്തെ തുടർന്ന് പനിയും ശരീരവേദനയും അനുഭവപ്പെട്ട സുന്ദരി, പിന്നീട് വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here