സ്കൂളുകൾക്ക് ബോംബ് ഭീഷണി അയച്ചത് തടവുകാരി; ജയിലിൽ കിടന്നും കുറ്റകൃത്യം; ടെക്കി അറസ്റ്റിൽ

രാജ്യത്ത് വർധിച്ചുവരുന്ന ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്തുന്നതിൽ നിർണ്ണായക വഴിത്തിരിവ്. ബെംഗളൂരുവിലെ സ്കൂളുകളിലേക്ക് നിരവധി വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ എത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് തടവുകാരിയിൽ എത്തിയത്. അഹമ്മദാബാദ് സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 14ന് രാത്രി ബെംഗളൂരുവിലെ സ്കൂളിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. സമാനമായ മറ്റ് വ്യാജ ഭീഷണികൾ നഗരത്തിൽ വ്യാപകമായതോടെ, എല്ലാ കേസുകളും നോർത്ത് ഡിവിഷൻ സൈബർ ക്രൈം യൂണിറ്റിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണമാണ് റെനെ ജോഷിൽഡ എന്ന തടവുകാരിയിൽ എത്തിച്ചത്. ഒക്ടോബർ 28ന് ജോഷിൽഡയെ ബെംഗളൂരുവിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ, ബെംഗളൂരുവിന് പുറമെ മൈസൂരു, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും താൻ ഭീഷണി സന്ദേശങ്ങൾ അയച്ചതായി അവർ സമ്മതിച്ചു.
ജോഷിൽഡ, “ഗേറ്റ് കോഡ്” ആപ്പ് വഴി സൃഷ്ടിച്ച വിപിഎൻ, വെർച്വൽ മൊബൈൽ നമ്പറുകൾ എന്നിവ ഉപയോഗിച്ച് നിരവധി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി
ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചതയാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ അഹമ്മദാബാദ് സെൻട്രൽ ജയിലിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടന്ന ഈ ഭീഷണിക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here