5 കോടിയുടെ സ്വത്ത് എഴുതിവെച്ചു, മകളെപ്പോലെ വളർത്തി; ഒടുവിൽ വിശ്വാസ വഞ്ചന

ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന വഞ്ചന അരങ്ങേറിയത്. സ്വന്തം മകളെപ്പോലെ കണ്ട കുടുംബത്തെയാണ് വീട്ടുജോലിക്കാരി വഞ്ചിച്ചത്. 5 കോടി രൂപയുടെ സ്വത്തിന് അവകാശിയാണെന്നറിഞ്ഞിട്ടും അത്യാഗ്രഹം തീരതെയാണ് വീട്ടിൽ നിന്നും സ്വർണാഭരങ്ങൾ മോഷ്ടിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലാണ് സംഭവം നടന്നത്.
15 വർഷമായി ആശാ ജാദവിന്റെ വീട്ടിൽ ജോലിക്കാരിയായി പ്രവർത്തിക്കുകയായിരുന്നു മംഗള എന്ന യുവതി. ഭർത്താവോ മക്കളോ ഇല്ലാതിരുന്ന ആശാ ജാദവ്, മംഗളയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. വീട്ടുജോലികൾ കൂടാതെ, ആശയുടെ കിടപ്പിലായ അമ്മയെയും മംഗള സ്നേഹത്തോടെ പരിചരിച്ചു. ഈ വിശ്വസ്തതയ്ക്ക് പ്രതിഫലമായി, ആശാ ജാദവ് ജെപി നഗറിലെ കോടിക്കണക്കിന് വിലമതിക്കുന്ന തൻ്റെ വസ്തുവകകളിൽ 5 കോടി രൂപയുടെ വീട് മംഗളയ്ക്ക് വേണ്ടി വിൽപ്പത്രത്തിൽ എഴുതിവെച്ചു.
എന്നാൽ, ഈ വലിയ ഭാഗ്യം മംഗളയുടെ ജീവിതം സുരക്ഷിതമാക്കുന്നതിനു പകരം ദുരന്തത്തിലേക്കാണ് നയിച്ചത്. മംഗള ഓൺലൈൻ ബെറ്റിംഗ് എന്ന കെണിയിൽ വീഴുകയും, കടുത്ത കടക്കെണിയിൽ അകപ്പെടുകയും ചെയ്തെന്നാണ് പൊലീസ് പറഞ്ഞത്. നേരത്തെയും മംഗളയുടെ 40 ലക്ഷം രൂപയുടെ കടം ആശാ ജാദവ് തീർത്തു കൊടുത്തിരുന്നു. മാത്രമല്ല, ആശ നൽകിയ 1.5 കോടി രൂപയുടെ വീട് പോലും മംഗള ബെറ്റിംഗിൽ നഷ്ടപ്പെടുത്തി എന്നാണ് വിവരം. ഇത്രയൊക്കെ സംഭവിച്ചിട്ടും, സ്നേഹകൂടുതൽ കാരണം മംഗളയെ ആശ കൈവിട്ടില്ല.
വീട്ടിൽ നിന്ന് 450 ഗ്രാം സ്വർണ്ണാഭരണങ്ങളും 3 കിലോഗ്രാം വെള്ളിയുമാണ് ഇവർ മോഷ്ടിച്ചത്. മോഷണ ശേഷം അലമാരയുടെ താക്കോൽ ദൂരെയെറിയുകയും ചെയ്തു. ആഭരണങ്ങൾ എടുക്കാൻ ആശാ ജാദവ് ശ്രമിച്ചപ്പോഴാണ് മോഷണം അറിയുന്നത്. പുറത്തുനിന്നുള്ള കവർച്ചയാണെന്ന് കരുതി അവർ പോലീസിൽ പരാതി നൽകി. എന്നാൽ മംഗളയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് അവരെ ചോദ്യം ചെയ്തു. തുടർന്നാണ് കുറ്റം സമ്മതിച്ചത്. ബെറ്റിംഗിന്റെ കടം വീട്ടാനാണ് ആഭരണങ്ങൾ പണയം വെച്ചതെന്നും അവർ വെളിപ്പെടുത്തി.
മംഗളയുടെ കുറ്റസമ്മതം ആശാ ജാദവിനെ മാനസികമായി തളർത്തി. മകളെപ്പോലെ കരുതിയ ആൾ വഞ്ചിച്ചതറിഞ്ഞതോടെ, ആശാ ജാദവ് മംഗളയെ അവകാശിയാക്കിക്കൊണ്ടുള്ള 5 കോടി രൂപയുടെ വിൽപ്പത്രം റദ്ദാക്കി.
പൊലീസ് അറസ്റ്റ് ചെയ്ത മംഗള ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here