ബംഗളൂരുവിൽ സുരക്ഷാ വീഴ്ച; ക്ഷേത്രവിഗ്രഹം തകർത്ത് ബംഗ്ലാദേശി; രാജ്യത്ത് പ്രവേശിച്ചത് അനധികൃതമായി

ബംഗളൂരുവിലെ ദേവരബീസനഹള്ളി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വേണു ഗോപാലസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു അനധികൃതമായി പ്രതി ഇന്ത്യയിൽ എത്തിയെന്നാണ് വിവരം. കബീർ മൊണ്ടൽ എന്നയാളാണ് പിടിയിലായത്.
ഷൂസ് ധരിച്ചാണ് ഇയാൾ ശ്രീകോവിലിൽ പ്രവേശിച്ചത്. മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ക്ഷേത്രഗോപുരത്തിന് കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന വിഗ്രഹവും തകർത്തിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബംഗ്ലാദേശ് പൗരനായ കബീർ മൊണ്ടൽ അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് അഞ്ച് വർഷത്തോളമായി നഗരത്തിൽ താമസിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ദേവരബീസനഹള്ളിയിൽ താമസിച്ച് ഉപജീവനത്തിനായി ചെറിയ ജോലികൾ ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
ശരിയായ രേഖകളില്ലാതെ എങ്ങനെയാണ് രാജ്യത്ത് പ്രവേശിച്ചതെന്നും താമസവും ജോലിയും നേടിയതെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.സംഭവത്തെ തുടർന്ന് ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here