ട്രാഫിക് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവർ! വാഹനത്തിൽ നിന്നും മാരകായുധം കണ്ടെത്തി

ബെംഗളൂരുവിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ഗതാഗത നിയമം തെറ്റിച്ച് അപകടമുണ്ടാക്കിയ ഓട്ടോ നിർത്തിയ ട്രാഫിക് പൊലീസുദ്യോഗസ്ഥനെയാണ് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരൻ വാഹനത്തിൽ നിന്ന് റോഡിലേക്ക് വീണു. ശേഷം ഡ്രൈവർ ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവിലെ സദാശിവനഗറിലാണ് അപകടം ഉണ്ടായത്. വൺവേയിലൂടെ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചു. ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുദ്യോഗസ്ഥൻ ഓട്ടോ തടഞ്ഞു. ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി നിർത്താൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയും വിവരങ്ങൾ സംസാരിക്കാനായി വാഹനത്തിൽ ഇരിക്കുകയും ചെയ്തു. എന്നാൽ ഡ്രൈവർ പെട്ടെന്ന് വണ്ടി അമിതവേഗത്തിൽ ഓടിച്ച് ഹെബ്ബാൾ ഭാഗത്തേക്ക് പോവുകയായിരുന്നു.

പൊലീസുദ്യോഗസ്ഥൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓട്ടോ നിർത്താൻ ഡ്രൈവർ തയ്യാറായില്ല. ബലപ്രയോഗത്തിനിടെയാണ് ഉദ്യോഗസ്ഥൻ ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണത്. പരിക്കേറ്റ പൊലീസുകാരന്റെ വാക്കി ടോക്കിക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഗംഗാനഗറിന് സമീപം ഓട്ടോ ഉപേക്ഷിച്ച ഡ്രൈവർ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിൽ നിന്നും കത്തി കണ്ടെത്തി.

പൊതുസുരക്ഷ അപകടത്തിലാക്കൽ, അപകടമുണ്ടാക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാർ ഉപകരണങ്ങൾ നശിപ്പിക്കൽ, ആയുധം കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top