ചോരയിൽ കുളിച്ച് നിന്ന് യാചിച്ചിട്ടും ആരും വന്നില്ല! സഹായം കിട്ടാതെ റോഡിൽ പൊലിഞ്ഞ ജീവൻ

മനുഷ്യത്വം മരവിച്ചുപോയ ഞെട്ടിക്കുന്ന സംഭവത്തിനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സാക്ഷ്യം വഹിച്ചത്. കൃത്യസമയത്ത് ചികിത്സയോ സഹായമോ ലഭിക്കാതെ 34കാരനായ വെങ്കട്ടരമണന്റെ ജീവൻ പൊലിയുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന് വേണ്ടി രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി ഭാര്യ വഴിയിൽ കൈകൂപ്പി യാചിച്ചിട്ടും ഒരാൾ പോലും തിരിഞ്ഞുനോക്കിയില്ല.

ബാലാജി നഗർ സ്വദേശിയായ വെങ്കട്ടരമണൻ ഗാരേജ് മെക്കാനിക് ആയിരുന്നു. ഇന്നലെ പുലർച്ചെ 3:30ഓടെയാണ് അദ്ദേഹത്തിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ഭാര്യയുമായി ബൈക്കിൽ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ അവിടെ കാത്തിരുന്നത് വലിയ ക്രൂരതകളായിരുന്നു. ആദ്യം പോയ ആശുപത്രിയിൽ ഡോക്ടർ ഡ്യൂട്ടിയിൽ ഇല്ലെന്ന കാരണത്താൽ തിരിച്ചയച്ചു. രണ്ടാമത്തെ ആശുപത്രി, സ്ട്രോക്ക് ആണെന്നും മറ്റൊരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിർദ്ദേശിച്ചു. സഹായത്തിനായി ആംബുലൻസിനെ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

ആശുപത്രികൾ കയറിയിറങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടന്ന ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ അതുവഴി പോയ ഓരോ വാഹനത്തിനും മുന്നിലും കൈകൂപ്പി നിന്നു. ഹൃദയം തകർക്കുന്ന ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവസാനം ടാക്സി ഡ്രൈവർ സഹായത്തിനെത്തിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ വെങ്കട്ടരമണൻ മരിച്ചിരുന്നു.

ലോകം കൈവിട്ടിട്ടും, ആ ലോകത്തിനായി മാതൃകയാവുകയാണ് വെങ്കട്ടരമണന്റെ കുടുംബം. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നും കണ്ണുകൾ ദാനം ചെയ്യാൻ ആ കുടുംബം തീരുമാനിച്ചു. ‘മനുഷ്യത്വം തോറ്റുപോയെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ കണ്ണുകളിലൂടെ മറ്റൊരാൾക്ക് ലോകം കാണാൻ കഴിയട്ടെ,’ എന്നാണ് അവർ പറഞ്ഞത്. അഞ്ചു വയസ്സുള്ള മകനും 18 മാസം പ്രായമുള്ള മകളും ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് ഇനി ആര് തുണയാകും എന്നതാണ് ഉയരുന്ന ചോദ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top