ചിലര്‍ മദ്യം കുപ്പി മാറ്റിയൊഴിച്ചു; മറ്റുചിലര്‍ അവിടെ തന്നെ കുടിച്ചു തീര്‍ത്തു; 20 രൂപ തിരികെകിട്ടാൻ ബുദ്ധി പലവിധം

പ്ലാസ്റ്റിക് ബോട്ടിലിലുള്ള മദ്യം വാങ്ങുന്നതിന് 20 രൂപ നിക്ഷേപ വാങ്ങുന്ന പദ്ധതിയില്‍ നല്ല പ്രതികരണം. ഇന്നലെ മുതലാണ് തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ഔട്ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. മദ്യത്തിന് അധികമായി നല്‍കേണ്ടി വന്ന 20 രൂപ അപ്പോള്‍ തന്നെ തിരികെ വാങ്ങാന്‍ നിരവധി വഴികളാണ് മദ്യപന്‍മാര്‍ സ്വീകരിച്ചത്.
ചിലര്‍ ഔട്ലെറ്റിന് സമീപത്ത് നിന്നു തന്നെ മദ്യം അകത്താക്കി. മിനിറ്റുകള്‍ക്കുള്ളില്‍ കൗണ്ടറിലെത്തി കുപ്പി നല്‍കി 20 രൂപ തിരികെ വാങ്ങി. ഇതില്‍ കൂടുതലും ക്വാര്‍ട്ടര്‍ കുപ്പികളായിരുന്നു. മറ്റ് ചിലരാകട്ടെ എല്ലാം ആലോചിച്ച് ഉറപ്പിച്ച് കാലി കുപ്പിയുമായാണ് മദ്യം വാങ്ങാന്‍ എത്തിയത്. കൈയ്യില്‍ കിട്ടിയയുടന്‍ കൊണ്ടുവന്ന കാലി ബോട്ടിലിലേക്ക് മാറ്റി. കുപ്പി തിരികെ നല്‍കി പണവുമായി മടങ്ങി.
Also Read : ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ
ഫലത്തില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും കുപ്പി തിരിച്ചു കൊടുക്കാനായി ഔട്ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടുന്നത് ക്രമസമാധാന പ്രശ്‌നമാകുമോ എന്ന ആശങ്ക പോലീസിനുണ്ട്. ഔട്ട്ലെറ്റുകള്‍ക്ക് സമീപം പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Also Read : ഐടി പാര്‍ക്കിലും ഇനി ചീയേഴ്‌സ് പറയാം; മദ്യം വിളമ്പാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
നിക്ഷേപത്തുകക്ക് രസീതില്ലാത്തതില്‍ തര്‍ക്കങ്ങളുണ്ട്. ഇന്നുകൊണ്ട് അതിന് പരിഹാരം കാണുമെന്നാണ് ബെവ്‌കോ അറിയിച്ചിരിക്കുന്നത്. കാലിക്കുപ്പി ശേഖരിക്കാനും പണം നല്‍കാനും പ്രത്യേക കൗണ്ടര്‍ തുറക്കുമെന്നും കുടുംബശ്രീക്കാരെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും അതുണ്ടായിട്ടില്ല. വില്‍പനയും കുപ്പി തിരികെയെടുത്ത് പണം നല്‍കലുമെല്ലാം ഒരേ കൗണ്ടറിലൂടെ നടക്കുന്നത് മദ്യം വാങ്ങുന്നവരുടെ കാത്തുനില്‍പ്പ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here