കുപ്പി കളയേണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ

ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇനി എറിഞ്ഞ് കളയണ്ട. മദ്യ വിൽപ്പന ശാലകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ ആലോചന. മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നത്. വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം കുമിഞ്ഞ് കൂടുന്ന മദ്യകുപ്പികൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനെ തുടർന്നാണ് നടപടി.
ബോട്ടിൽ ബൂത്തുകളിലൂടെ ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗിച്ച് മദ്യ കമ്പനികൾക്ക് ചിലവ് ചുരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതിക്കുള്ള ചർച്ചകൾ പ്രാരംഭഘട്ടത്തിലാണ്. ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവർഷം 51 കോടി കുപ്പി മദ്യമാണ് വിൽക്കുന്നത്. കാലിക്കുപ്പികൾ അലക്ഷ്യമായി ഉപേക്ഷിക്കാറാണ് പതിവ്. ഇതിന് പരിഹാരമായാണ് ചെറിയ തുകക്ക് കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി ബെവ്കോ ആലോചിക്കുന്നത്.
Also Read : കുടിയൻമാരെ പിഴിഞ്ഞ്, മദ്യകമ്പനികളെ ചേർത്തുപിടിച്ച് സർക്കാർ; ഒറ്റയടിക്ക് കൂട്ടിയത് 341 ബ്രാൻഡുകളുടെ വില
മദ്യകുപ്പികൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻപും പലതും ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. വിവാഹങ്ങൾ, ഹോട്ടലുകൾ, ഹിൽ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഹൈക്കോടതി പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ ഗ്ലാസ് കുപ്പികളിൽ മദ്യം വിൽക്കാൻ ആലോചിച്ചു. തമിഴ്‌നാട്ടിൽ ഒരു ക്വാർട്ടർ ബോട്ടിൽ തിരിച്ചെടുക്കുമ്പോൾ, ബില്ലിൽ 10 രൂപയുടെ കുറവ് ലഭിക്കും. ഇങ്ങനെ കുപ്പി തിരിച്ചെടുക്കുന്ന തമിഴ്‌നാട് മാതൃക പരിഗണിച്ചു എങ്കിലും കമ്പനികളുടെ എതിർപ്പ് കാരണം നടന്നില്ല.
Also Read: ചിഴേസ് ജവാന്‍, വില്‍പ്പനയില്‍ സൂപ്പര്‍ ഹിറ്റ്; ഉത്പാദനവും വര്‍ദ്ധിപ്പിച്ചു
ഹരിത കേരള മിഷൻ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനുള്ള പദ്ധതി ബെവ്കോ എംഡി നേരത്തെ സമർപ്പിച്ചിരുന്നു. 2017ൽ ക്ലീൻ കേരള കമ്പനി വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നു, പക്ഷേ പദ്ധതി വിജയിച്ചില്ല. ഒരു ഫുൾ ബോട്ടിൽ മദ്യം പ്ലാസ്റ്റിക് കുപ്പിയിൽ നിറയ്ക്കാൻ 9 രൂപയും ഗ്ലാസ് കുപ്പിയിൽ നിറയ്ക്കാൻ 38 രൂപയും ചിലവാകുമെന്ന് മദ്യ കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here