പൊലീസ് ട്രെയിനിംഗിൽ ‘ഭഗവദ് ഗീത’ നിർബന്ധം; പുതിയ ഉത്തരവ് വിവാദത്തിൽ

മധ്യപ്രദേശ് പൊലീസ് പരിശീലനത്തിൽ ചേരുന്ന ഉദ്യോഗാർത്ഥികൾ രാത്രി ഉറങ്ങുന്നതിന് മുൻപ് ഭഗവദ് ഗീത വായിക്കണം എന്ന നിർദ്ദേശം വലിയ വിവാദമായി. എഡിജിപി രാജാ ബാബു സിംഗ് ആണ് ഈ നിർദ്ദേശം നൽകിയത്. പരിശീലനം നേടുന്ന എല്ലാവരും ദിവസവും രാത്രി ധ്യാനം ചെയ്യുന്നതിന് മുമ്പ് ഗീതയിലെ ഒരു അദ്ധ്യായം വായിക്കണമെന്നാണ് ആവശ്യം.
ഗീത വായിക്കുന്നത് വഴി ഉദ്യോഗാർത്ഥികളിൽ നല്ല ശീലങ്ങളും ധാർമികതയും വളർത്താൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ, പൊലീസിനെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും അവർ വാദിച്ചു.
ഗീത ഒരു മതഗ്രന്ഥമല്ല, ലോകം അംഗീകരിച്ച തത്വചിന്തയാണ്. ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നാണ് ബിജെപിയുടെ മറുപടി. ഗീത വായിക്കുന്നത് പൊലീസ് സേനയെ കൂടുതൽ മികച്ചതാക്കുമെന്നും അവർ പറഞ്ഞു.
ഗീതാ പാരായണത്തിന് പുറമെ, ഡിസംബറിൽ സംസ്ഥാനത്തെ ചരിത്രപരമായ സ്ഥലങ്ങളിൽ വെച്ച് പൊലീസുകാർക്കായി മൂന്ന് ദിവസത്തെ മെഡിറ്റേഷൻ സെഷനും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here