ഭാരതാംബ വിവാദം കത്തിച്ചുനിർത്താൻ എൽഡിഎഫ്; ഒപ്പം സൂംബയും… മതസംഘടനകളെ അവഗണിക്കും

സൂംബാ ഡാന്‍സ്, ഭരതാംബ വിവാദങ്ങള്‍ ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ഇവ രണ്ടും കത്തിച്ചുനിർത്തി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ഇടതുമുന്നണിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തന്നെ ഇവ കൂടുതല്‍ ചര്‍ച്ചയാക്കാൻ ശ്രമിക്കും. ഇതിലൂടെ സിപിഎമ്മിൻ്റെയും ഇടതുമുന്നണിയുടെയും മേൽ, യുഡിഎഫും ബിജെപിയും ചാര്‍ത്തിയിട്ടുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണന ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Also Read: വൈസ് ചാൻസലറെ വെട്ടി കേരള സിന്‍ഡിക്കറ്റ്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
കേരള സർവകലാശാലയിൽ ഇപ്പോൾ കത്തിക്കയറുന്ന ആഭ്യന്തര കലഹവും ഭാരതാംബചിത്രത്തെ ചൊല്ലിയാണ്. ജൂൺ 25ന് സെനറ്റ് ഹാളിൽ ഗവർണർ മുഖ്യാതിഥിയായി നടത്താനിരുന്ന പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതായിരുന്നു കാരണം. പിന്നാലെ എസ്എഫ്ഐയും പ്രതിഷേധം ഉയർത്തി. എന്നാൽ ഗവർണർ പങ്കെടുത്ത് പരിപാടി നടന്നു. ഇതിന് തൊട്ടുപിന്നാലെ രജിസ്ട്രാർ പരാതി നൽകി പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചു.
Also Read: ‘മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം ഭാരതാംബ’ !! ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് എൻഎസ്എസുകാർ
പരിപാടി അലങ്കോലമാക്കാൻ ചിലരുടെ താൽപര്യപ്രകാരം പ്രവർത്തിച്ചെന്ന് കണ്ടെത്തി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാറെയാണ് ഇന്ന് അസാധാരണ നീക്കത്തിലൂടെ സിൻഡിക്കറ്റ് തിരിച്ചെടുത്തത്. എന്നാൽ നടപടിക്ക് നിയമസാധുത ഇല്ലെന്ന് വിസിയുടെ ചുമതലയുള്ള സിസ തോമസ് നിലപാടെടുത്തു കഴിഞ്ഞു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇക്കാര്യം അറിയിക്കാൻ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. ഇതോടെ ഈ തർക്കം ഗുരുതര നിയമയുദ്ധമായി നീളുമെന്ന് ഉറപ്പായി.
സൂംബാ വിവാദത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്വീകരിച്ച നിലപാടിന് പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട് എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഉപയോഗിച്ച് വര്‍ഗ്ഗീയ ധ്രുവീകരണവും ഇടതുപക്ഷത്തിനെതിരെ ആക്രമണവും ലക്ഷ്യമിട്ടവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും അവര്‍ വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ചിലരുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ തലകുനിക്കാത്തത് ഗുണകരമായി. അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകുകയാണ് ഉദ്ദേശ്യം.
Also Read: ഭാരതാംബയെ വിട്ടൊരു കളിയില്ല; പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രം ഉറപ്പ്; വിവാദങ്ങൾ കൊഴുക്കുന്നു
സമാന നീക്കമാണ് ഭരതാംബ വിവാദത്തിലും ലക്ഷ്യമിടുന്നത്. ഗവര്‍ണര്‍ക്ക് ഒട്ടും വഴങ്ങേണ്ടതില്ലെന്ന സര്‍ക്കാരിന്റെയും മുന്നണിയുടെയും തീരുമാനം ഗുണകരമായി എന്നാണ് നിഗമനം. മന്ത്രി ശിവന്‍കുട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ഗവര്‍ണര്‍ നടത്തിയ ശ്രമത്തിന് മുഖ്യമന്ത്രി മറുപടി നല്‍കുക ചെയ്തതോടെ വിഷയം അനുകൂലമായെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ തർക്കങ്ങൾ ഇതുപോലെ നിലനിര്‍ത്തികൊണ്ടുപോകുക മാത്രമല്ല, ഇവയ്‌ക്കെതിരായ യുഡിഎഫ് നിലപാടുകള്‍ തുറന്നുകാട്ടാനുമാണ് നീക്കം.
ഈ രണ്ടു വിഷയങ്ങളിലും യുഡിഎഫും കോണ്‍ഗ്രസും പ്രത്യേകിച്ചൊരു നിലപാടും സ്വീകരിച്ചില്ല എന്നായിരിക്കും ഇനി നടത്തുന്ന പ്രചാരണം. സൂംബയിൽ ഒരു പ്രതികരണവും നടത്താന്‍ കഴിയാത്ത നിലയിലായിരുന്നു കോണ്‍ഗ്രസും ലീഗുമെന്നാണ് വിലയിരുത്തല്‍. ജമാ അത്തെ ഇസ്ലാമിയെ പോലൊരു തീവ്രമത സംഘടനയുടെ പിന്തുണയിൽ മുന്നോട്ട് പോകുമ്പോൾ ഇതിലൊന്നും ശക്തമായ അഭിപ്രായം പറയാന്‍ യുഡിഎഫിന് കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഈ പ്രതിസന്ധി പരമാവധി മുതലെടുക്കുകയാണ് എൽഡിഎഫ് ലക്ഷ്യം.
അതോടൊപ്പം ഭാരതാംബ ചിത്ര വിവാദത്തിലും ചില പ്രസ്താവനകള്‍ ഇറക്കുകയും, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതല്ലാതെ കോണ്‍ഗ്രസ് കൃത്യമായ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല. അത് സംസ്ഥാനത്തെ കോണ്‍ഗ്രസ്- ബിജെപി ബാന്ധവത്തിൻ്റെ ഫലമാണ് എന്ന പ്രചാരണം എൽഡിഎഫ് ശക്തമാക്കും. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് ഒരു അഭിപ്രായവും പറയാതെ ഒളിച്ചോടിയെന്നും ഇടതുമുന്നണി ആരോപിക്കും.
എല്ലാത്തിനും ഉപരിയായി മതസംഘടനകളുടെ നിലപാടുകളോട് ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന് തന്നെയാണ് തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ നിലപാടാണ് സ്വീകരിച്ചിരുന്നത്. മതസംഘടനകളെ കാര്യമായി പരിഗണിച്ചില്ലെന്ന് മാത്രമല്ല, അവരുടെ വാക്കിന് ഒരുവിലയും കല്‍പ്പിച്ചില്ല. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കൈപൊള്ളിയതിന് ശേഷം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്ന യാഥാർത്ഥ്യം മുന്നണിയും പിണറായി വിജയനും ഉൾക്കൊണ്ടു.
Also Read: സർക്കാരും ഗവർണറും തമ്മിൽ തർക്കം മുറുകുന്നു; ഭാരതാംബ ചിത്ര വിവാദത്തിൽ മൗനംവെടിഞ്ഞ് പിണറായി
അങ്ങനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ അയഞ്ഞ നിലപാടായി. അത് പലപ്പോഴും തിരിച്ചടിയായെന്ന വിലയിരുത്തല്‍ ഇപ്പോൾ സിപിഎമ്മിന് ഉള്ളിലുണ്ട്. സാമുദായിക സമവാക്യങ്ങള്‍ക്കും സന്തുലിതാവസ്ഥയ്ക്കും ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, മതനേതാക്കൾ എന്ന പേരില്‍ ചിലര്‍ ഇറക്കുന്ന തിട്ടൂരങ്ങള്‍ക്ക് ഒരു വിലയും നൽകേണ്ടതില്ല എന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ധാരണ. അത് ശക്തമായി മുന്നോട്ടു കൊണ്ടുപോയി, ഒപ്പം രാഷ്ട്രീയമായ പ്രചാരണം ശക്തമാക്കാനുമാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here