ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയില്‍ മോചിതയായി; പുറത്തിറങ്ങിയത് അതീവ രഹസ്യമായി..

ചെങ്ങന്നൂര്‍ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. പരോളിൽ ആയിരുന്ന ഷെറിൻ ഇന്ന് വൈകിട്ട് കണ്ണൂർ വനിതാ ജയിലിൽ നിന്നാണ് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയത്. അതീവരഹസ്യമായിയാണ് ഇവര്‍ കണ്ണൂരില്‍ എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു മടക്കം.
നേരത്തെ തന്നെ ഷെറിൻ ഉൾപ്പെടെ 11 പേർക്ക് ശിക്ഷ ഇളവ് നൽകി മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം വന്നത്. 14 വർഷം ശിക്ഷാ കാലയളവ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ആയിരുന്നു തീരുമാനം.
2010 ലാണ് ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മറ്റ് പ്രതികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഭാസ്കര കാരണവരുടെ ഇളയ മകനായ ശാരീരികവെല്ലുവിളികള്‍ നേരിട്ടിരുന്ന ബിനു പീറ്ററിന്റെ സംരക്ഷണത്തിനു വേണ്ടിയാണു ഷെറിനുമായുള്ള വിവാഹം നടത്തിയത്.
അമേരിക്കയിൽ കൊണ്ടുപോകാമെന്ന ഉറപ്പിന്മേലായിരുന്നു വിവാഹം. ഒന്നരവർഷത്തോളം അമേരിക്കയിൽ കഴിഞ്ഞ കുടുംബം ഭാസ്കര കാരണവരുടെ ഭാര്യയുടെ മരണത്തോടെ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. അതിനുശേഷമായിരുന്നു ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ കാരണവർ കണ്ടെത്തുന്നത്. തുടർന്ന് സ്വത്തുക്കളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതേ തുടർന്നാണ് ഷെറിൻ കൊലപാതകം ആസൂത്രണം ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here